കണ്ണൂര്‍: പാനൂര്‍ മന്‍സൂര്‍ വധക്കേസില്‍ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. കസ്റ്റഡിയിലുള്ള സി.പി.ഐ.എം പ്രവര്ത്തകന് ഷിനോസിന്റെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇയാള്‍ മന്‍സൂറിന്റെ അയല്‍വാസിയാണ്.
അക്രമിസംഘം മന്‍സൂറിന്റെ സഹോദരന് മുഹ്സിനെയാണ് ലക്ഷ്യമിട്ടതെന്ന് ഷിനോസ് പൊലീസിന് മൊഴി നല്‍കിയിരുന്നു. പ്രദേശത്ത് ഓപ്പണ്‍ വോട്ടുമായി ബന്ധപ്പെട്ട പ്രശ്നം ഉടലെടുത്തിരുന്നു. ഇതിന് പ്രതികാരമായി ബൂത്ത് ഏജന്റ് കൂടിയായ മുഹ്സിനെ ഭീഷണിപ്പെടുത്താനും കൈയേറ്റം ചെയ്യാനുമാണ് സി.പി.ഐ.എം പ്രവര്‍ത്തകര്‍ ഇവരുടെ വീടിനടുത്തെത്തിയത്.
മുഹ്സിനെ ഭീഷണിപ്പെടുത്തുന്നത് കണ്ട് അനുജന് മന്‍സൂര്‍ ഇത് തടയാന്‍ എത്തുകയായിരുന്നു. തുടര്‍ന്ന് ഇരുവരെയും അക്രമികള്‍ വളഞ്ഞു. ഓടിരക്ഷപ്പെടുന്നതിനിടെ ബോംബെറിഞ്ഞ് വീഴ്ത്താന്‍ ശ്രമിച്ചു. ബോംബേറില്‍ മന്‍സൂറിന്റെ കാല്‍മുട്ടിന് താഴെ ചിന്നിച്ചിതറി. ഇതില്‍നിന്ന് രക്തം വാര്‍ന്നാണ് മരണം സംഭവിച്ചത്.
അതേസമയം, കഴിഞ്ഞദിവസം സി.പി.ഐ.എം ഓഫീസുകള്‍ക്ക് നേരേ നടന്ന ആക്രമണവുമായി ബന്ധപ്പെട്ട് 12 യൂത്ത് ലീഗ് പ്രവര്‍ത്തകരും അറസ്റ്റിലായി. വിലാപയാത്രയില്‍ പങ്കെടുത്ത 12 ലീഗ് പ്രവര്‍ത്തകരെയാണ് ചൊക്ലി പൊലീസ് പിടികൂടിയത്.
കഴിഞ്ഞദിവസം തീയിട്ട് നശിപ്പിച്ച സി.പി.ഐ.എം ഓഫീസുകള്‍ സി.പി.ഐ.എം നേതാക്കള്‍ സന്ദര്‍ശിച്ചു. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്, എം.വി ജയരാജന് തുടങ്ങിയ നേതാക്കളാണ് വ്യാഴാഴ്ച രാവിലെ സന്ദര്‍ശനം നടത്തിയത്. സി.പി.ഐ.എം ഓഫീസുകള്‍ക്ക് നേരേയുള്ള മുസ്ലീം ലീഗിന്റെ ആക്രമണം ആസൂത്രിതമാണെന്ന് എം.വി ജയരാജന് ആരോപിച്ചു.
കഴിഞ്ഞ ദിവസം മന്‍സൂറിന്റെ മൃതദേഹം വഹിച്ചുള്ള വിലാപയാത്ര മോന്താലില്‍നിന്നു പുറപ്പെട്ടശേഷം രാത്രി എട്ടോടെയാണ് സി.പി.ഐ.എം ഓഫീസുകള്‍ക്ക് നേരെ വ്യാപക ആക്രമണമുണ്ടായത്. ബാവാച്ചി റോഡിലെ സി.പി.ഐ.എം പെരിങ്ങത്തൂര്‍ ലോക്കല്‍ കമ്മിറ്റി ഓഫീസും പെരിങ്ങത്തൂര്‍ ബ്രാഞ്ച് ഓഫീസും വൈദ്യുതി ഓഫീസിനു സമീപത്തെ ആച്ചുമുക്ക് ലോക്കല്‍ കമ്മിറ്റി ഓഫീസും അടിച്ചുതകര്‍ത്തു തീയിട്ടു.
കടവത്തൂര്‍ ഇരഞ്ഞീന്കീഴില് ഇ.എം.എസ് സ്മാരക വായനശാലയും കൃഷ്ണപ്പിള്ള മന്ദിരമായ ഇരഞ്ഞീന്കീഴില് ബ്രാഞ്ച് ഓഫീസും അക്രമികള്‍ തീവെച്ച് നശിപ്പിച്ചു. ഡി.വൈ.എഫ്.ഐ പെരിങ്ങളം മേഖലാ ഖജാന്‍ജി കെ.പി ശുഹൈലിന്റെ വീടിന് നേരെയും ആക്രമണമുണ്ടായി. രക്തസാക്ഷിമണ്ഡപവും സി.പി.ഐ.എം കൊടിമരങ്ങളും നശിപ്പിച്ചു. ടൗണിലെ ഏതാനും കടകള്‍ക്കു നേരെയും ആക്രമണമുണ്ടായി.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക