News Desk

2021-03-26 03:38:47 pm IST

കെയ്‌റോ: ലോകത്തെ ഏറ്റവും തിരക്കേറിയ സമുദ്രപാതയായ സൂയസ് കനാലില്‍ കുടുങ്ങിയ ഭീമന്‍ ചരക്കുകപ്പലിലെ ജീവനക്കാരെല്ലാം ഇന്ത്യക്കാര്‍. അസോസിയേറ്റഡ് പ്രസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. 25 ജീവനക്കാരാണ് കപ്പലിലുള്ളത്. 

എല്ലാവരും സുരക്ഷിതരാണെന്ന് കപ്പല്‍ കമ്പനി അധികൃതര്‍ അറിയിച്ചു. തായ്‌വാന്‍ ആസ്ഥാനമായുള്ള എവര്‍ഗ്രീന്‍ കപ്പല്‍ ജപ്പാനിലെ ഷൂയി കിസെന്‍ കയ്ഷ ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ളതാണ്. ചൊവ്വാഴ്ചയാണ് എവര്‍ഗ്രീന്‍ കനാലില്‍ കുടുങ്ങിയത്. അന്ന് തന്നെ ടഗ് ബോട്ടുകളുപയോഗിച്ച് കപ്പലിനെ നീക്കാനുള്ള ശ്രമം ആരംഭിച്ചെങ്കിലും പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഉപേക്ഷിച്ചു. 

അതേസമയം, കപ്പല്‍ നീക്കി ഗതാഗതം പുനരാരംഭിക്കാന്‍ ദിവസങ്ങളെടുത്തേക്കുമെന്നാണ് വിവരം. കപ്പല്‍ നീക്കാന്‍ 20,000 ക്യുബിക് മീറ്റര്‍ മണല്‍ നീക്കം ചെയ്യേണ്ടി വരും. 12 മുതല്‍ 16 മീറ്റര്‍ വരെ ആഴത്തില്‍ മണല്‍ നീക്കിയാല്‍ കപ്പല്‍ ചലിപ്പിക്കാനാവും എന്നാണ് പ്രതീക്ഷ. 

സാധാരണ ഡ്രെജറുകള്‍ കൂടാതെ പ്രത്യേക സംവിധാനമുള്ള മണല്‍വാരിയന്ത്രവും എത്തിച്ചിട്ടുണ്ട്. ഈ ഡ്രെജറിന് ഓരോ മണിക്കൂറിലും 2,000 ക്യുബിക് മീറ്ററോളം വസ്തുക്കള്‍ നീക്കം ചെയ്യാന്‍ കഴിയുമെന്ന് എവര്‍ഗ്രീന്‍ കപ്പലിന്റെ ടെക്നിക്കല്‍ മാനേജര്‍ ബെണ്‍ഹാര്‍ഡ് ഷൂല്‍റ്റ് പറഞ്ഞു. 

185 കപ്പലുകളാണ് നിലവില്‍ യാത്ര തുടരാനാവാതെ നിര്‍ത്തിയിട്ടിരിക്കുന്നത്. 9600 കോടി യു.എസ് ഡോളര്‍ (ഏകദേശം 69,740 കോടി രൂപ) മൂല്യമുള്ള ചരക്കുകളാണ് വിവിധ കപ്പലുകളിലായി കുടുങ്ങിക്കിടക്കുന്നത്. ഇതില്‍ സിമെന്റ്, എണ്ണ, ഇന്ധനം, രാസവസ്തുക്കള്‍ എന്നിവയടങ്ങുന്ന 40 കപ്പലുകളും കന്നുകാലികളെ കടത്തുന്ന എട്ടു കപ്പലുകളും മറ്റ് 30 ചരക്കുകപ്പലുകളും ഒരു വെള്ള ടാങ്കറും ഉള്‍പ്പെടുന്നതായാണ് റിപ്പോര്‍ട്ട്.

ആഗോള ചരക്കുഗതാഗതത്തിന്റെ 12 ശതമാനത്തോളവും സൂയസ് കനാല്‍ വഴിയാണ് കടന്നു പോകുന്നത്. ഒരു ദിവസം 960 കോടി ഡോളറിന്റെ ചരക്ക് സൂയസ് കനാല്‍ കടന്നുപോകുന്നുവെന്നാണ് കണക്ക്. അത് നിലക്കുന്നതോടെ കോടികളുടെ നഷ്ടമാണ് കമ്പനികള്‍ക്കും അതുവഴി മറ്റുള്ളവര്‍ക്കും വരിക. മണിക്കൂറില്‍ 3000 കോടി രൂപയുടെ നഷ്ടമാകും ഇങ്ങനെയുണ്ടാവുകയെന്നാണ് കണക്കുകൂട്ടല്‍.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 

Top