Breaking News
രാജ്യത്തിൻറെ വികസന തന്ത്രങ്ങൾ വ്യക്തമാക്കി ഖത്തർ അമീർ | സൗദിയില്‍ മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ നടത്തിയ വെടിവെയ്പില്‍ കേണല്‍ കൊല്ലപ്പെട്ടു; നിരവധി പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു | ബി.ജെ.പി സംസ്ഥാന അധ്യക്ഷനായി കെ. സുരേന്ദ്രന്‍ ചുമതലയേറ്റു; കുമ്മനം രാജശേഖരന്‍, ശോഭാ സുരേന്ദ്രന്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തില്ല | അലോപ്പതിയും ആയുര്‍വേദവും സംയോജിച്ചുള്ള ചികിത്സാരീതി രാജ്യത്തിനാവശ്യം; സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ | ഖത്തറില്‍ തൊഴില്‍ ഏജന്‍സി ബന്ദിയാക്കിയ കര്‍ണാടക യുവതിയെ രക്ഷപ്പെടുത്തി | താലിബാനുമായി സമാധാനകരാറിൽ ഒപ്പുവെക്കാനൊരുങ്ങി അമേരിക്ക | ഖത്തർ അൽ ഖോർ ഫാമിലി പാർക്ക് തുറന്നു; ഇന്നലെ മാത്രം എത്തിയത് ആയിരകണക്കിന് ആളുകൾ | തമിഴ് നടന്‍ വിജയ് രാഷ്ട്രീയത്തില്‍ പ്രവേശിച്ചേക്കുമെന്ന് സൂചന നല്‍കി പിതാവ് ചന്ദ്രശേഖര്‍ | കൊറോണ വൈറസ്; ചൈനയിൽ മരണം 2345 ആയി, ഇറ്റലിയിൽ ഒരാൾ മരിച്ചു | വെട്ടുക്കിളി ആക്രമണം; ആശങ്കപ്പെടേണ്ടതില്ലെന്ന് ഖത്തര്‍ |
2019-08-09 05:44:44am IST

കൊച്ചി: കനത്ത മഴയില്‍ കേരളത്തിൽ  എങ്ങും പ്രളയ സമാനമായ അന്തരീക്ഷം. വടക്കന്‍ ജില്ലകളില്‍ മഴ കനത്ത നാശനഷ്ടമാണ് വിതയ്ക്കുന്നത്. വയനാട് മേപ്പാടി പുത്തുമലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ ഒട്ടേറെപ്പേര്‍ മണ്ണിനടിയില്‍പ്പെട്ടതായി സംശയിക്കുന്നു. 40 പേര്‍ മണ്ണിനടിയില്‍പ്പെട്ടതായി വാര്‍ഡംഗം പി. ചന്ദ്രന്‍ പറഞ്ഞു.

രണ്ട് എസ്റ്റേറ്റ് പാടികള്‍, മൂന്നു വീടുകള്‍, ഒരു മുസ്ലിം പള്ളി, ഒരു ക്ഷേത്രം, വാഹനങ്ങള്‍ എന്നിവ പൂര്‍ണമായും മണ്ണിനടിയിലായെന്ന് മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. സഹദ് പറഞ്ഞു. എഴുപതോളം വീടുകള്‍ തകര്‍ന്നതായി നാട്ടുകാര്‍ പറയുന്നു. പരിക്കേറ്റ പത്തുപേരെ മേപ്പാടി വിംസ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ രണ്ടുപേര്‍ക്ക് തലയ്ക്ക് ഗുരുതരമായ പരിക്കുണ്ട്.ശക്തമായ വെള്ളത്തില്‍പ്പെട്ട് ഒഴുകിയെത്തിയ മൂന്നുപേരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി.

രാവിലെ ആളുകളോട് ഇവിടെനിന്ന് ഒഴിഞ്ഞുപോവാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ഭൂരിഭാഗംപേരും പോയിട്ടില്ലെന്നാണ് കരുതുന്നത്. പ്രദേശത്തേക്ക് എത്തിപ്പെടാനാവാത്ത സാഹചര്യമാണ്. കള്ളാടി എന്ന സ്ഥലത്തുനിന്ന് അഞ്ചുകിലോമീറ്ററോളം നടന്നാല്‍ മാത്രമേ സ്ഥലത്തെത്താനാകൂ. ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള മേഖലയാണിവിടം. തുടക്കത്തില്‍ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

പിന്നീട് കളക്ടര്‍ ഉള്‍പ്പെടെ ഉദ്യോഗസ്ഥരും പോലീസും അഗ്‌നിരക്ഷാസേനയും കേന്ദ്രസേനയുടെ ഒരു യൂണിറ്റും രാത്രിയോടെ സ്ഥലത്തെത്തി. രാത്രി വൈകി 300-ഓളം പേരെ സമീപ പ്രദേശങ്ങളില്‍നിന്ന് മുണ്ടക്കൈ ഫോറസ്റ്റ് ഓഫീസിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. പുത്തുമലയ്ക്കുസമീപം കാര്‍യാത്രക്കാരായ നാലുപേരെ കാണാതായതായും സംശയമുണ്ട്.

കനത്ത മഴയെത്തുടര്‍ന്ന് സംസ്ഥാനത്തെ 11 ജില്ലകളില്‍ കേന്ദ്ര ജല കമ്മീഷന്‍ പ്രളയ സാധ്യത മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, കോഴിക്കോട്,വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലൂടെ ഒഴുകുന്ന നദികള്‍ കര കവിഞ്ഞൊഴുകാന്‍ സാധ്യതയുണ്ടെന്നും ഈ ജില്ലകളില്‍ പ്രളയ സാധ്യതയുണ്ടെന്നുമാണ് കേന്ദ്ര ജല കമ്മീഷന്റെ മുന്നറിയിപ്പ്.

അതി തീവ്ര മഴയുടെ സാഹചര്യത്തില്‍ പെരിയാര്‍, വളപട്ടണം, കുതിരപ്പുഴ, കുറുമന്‍പുഴ തുടങ്ങിയ പുഴകളില്‍ അപകടകരമായ രീതിയില്‍ ജലനിരപ്പുയര്‍ന്നതായി കേന്ദ്ര ജല കമ്മീഷന്റെ പ്രളയ മുന്നറിയിപ്പ് സംവിധാനത്തില്‍ അറിയിച്ചിരിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ നദിക്കരകളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കാന്‍ ദുരന്തനിവാരണ അതോറിറ്റിയുടെ നിര്‍ദ്ദേശമുണ്ട്.

വെള്ളിയാഴ്ചയും ശനിയാഴ്ചയും സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. തിങ്കളാഴ്ചവരെ മഴയ്ക്ക് സാധ്യതയുണ്ടെങ്കിലും ഞായറാഴ്ചയോടെ ശക്തി കുറയാനാണ് സാധ്യതയെന്നും കാലാവസ്ഥനിരീക്ഷകര്‍ അറിയിച്ചു.

അതേസമയം കനത്ത മഴയെ തുടര്‍ന്ന് തിരുവനന്തപുരത്തും കൊലത്തും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. ഇതോടെ സംസ്ഥാനത്തെ 14 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ദുരന്തനിവാരണ അതോറിറ്റി ഓഫിസില്‍ യോഗം ചേര്‍ന്നു. അപകട സ്ഥലങ്ങളിലുള്ളവര്‍ ക്യാംപിലേക്കു മാറണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളം  താല്‍ക്കാലികമായി അടച്ചു. മുൻകരുതൽ നടപടിയുടെ ഭാഗമായി 11 വരെയാണ് വിമാനത്താവളം അടച്ചത്. ഇവിടേയ്ക്കുള്ള വിമാനങ്ങൾ വഴിതിരിച്ചുവിടും. ഏപ്രണ്‍ ഏരിയയില്‍ വെളളം കയറിയതിനെ തുടര്‍ന്നാണു നടപടി. മഴദുരിതത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനു സംസ്ഥാനം സൈന്യത്തിന്റെ സഹായം തേടിയിട്ടുണ്ട്.

Top