News Desk

2021-06-06 05:02:31 pm IST

ദുബൈ: ദുബൈയില്‍ ഡേറ്റിംഗ് ആപ്പ് തട്ടിപ്പ് വീണ്ടും. ഇത്തവണ തട്ടിപ്പിനിരയായത് 40-കാരനായ സിറിയന്‍ സ്വദേശിയാണ്. ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട സ്ത്രീ യുവാവിനെ അപ്പാര്‍ട്ട്മെന്റിലേക്ക് വിളിച്ചുവരുത്തിയ ശേഷം സംഘം ചേര്‍ന്ന് അക്രമിക്കുകയും കൊള്ളയടിക്കുകയുമായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

ഒരു ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട സ്ത്രീയുമായി 20 ദിവസത്തോളം ചാറ്റ് ചെയ്തിരുന്നു. അതിനു ശേഷം ഒരു പെണ്‍കുട്ടിയുടെ ഫോട്ടോയും മൊബൈല്‍ നമ്പറും അയച്ചുകൊടുക്കുകയും കുട്ടിയുമായി ഡേറ്റിംഗ് നടത്താന്‍ ഒരു ഹോട്ടല്‍ അപ്പാര്‍ട്ട്മെന്റില്‍ എത്താന്‍ ആവശ്യപ്പെടുകയും ചെയ്തു. 

ഇതുപ്രകാരം അപ്പാര്‍ട്ട്മെന്റിലെത്തിയ യുവാവിനെ ആറംഗ നൈജീരിയന്‍ സംഘം 
ബലംപ്രയോഗിച്ച് പഴ്സില്‍ ഉണ്ടായിരുന്ന 4000 ദിര്‍ഹമും എ.ടി.എം കാര്‍ഡും തട്ടിയെടുത്തു. സംഘത്തിലൊരാള്‍ കഴുത്തിന് പിടിച്ച് എ.ടി.എം പിന്‍ നമ്പര്‍ പറഞ്ഞുകൊടുക്കാന്‍ ആവശ്യപ്പെട്ടു. അല്ലെങ്കില്‍ ശ്വാസം മുട്ടിച്ച് കൊല്ലുമെന്നായിരുന്നു ഭീഷണി. 

തൊട്ടടുത്ത എ.ടി.എമ്മില്‍ നിന്ന് 15000 ദിര്‍ഹം പിന്‍വലിച്ച സംഘം തിരികെയെത്തി വീണ്ടും മര്‍ദ്ദിക്കുകയും പൊലീസിനെ അറിയിച്ചാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. തുടര്‍ന്ന് സംഘം ഹോട്ടലില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നുവെന്ന് യുവാവ് പറഞ്ഞു.

എന്നാല്‍ യുവാവ് പൊലിസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് എടുക്കുകയും തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ രണ്ടു നൈജീരിയക്കാരെ അറസ്റ്റ് ചെയ്തു. ബാക്കിയുള്ളവരെ പിടികൂടാനായിട്ടില്ല. കേസ് തുടര്‍ നടപടികള്‍ക്കായി ദുബൈ പബ്ലിക് പ്രൊസിക്യൂഷന് കൈമാറി. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top