News Desk

2021-03-23 09:17:17 pm IST
ദോഹ: ഖത്തറില്‍ വീട്ടു ജോലിക്കാരിയായ ഇന്ത്യന്‍ വനിതയെ തൊഴിലുടമ തടങ്കലില്‍ വെച്ചിരിക്കുന്നതായി മകളുടെ പരാതി. ദോഹ ഇന്ത്യന്‍ എംബസി തങ്ങളുടെ ഔദ്യോഗിക ട്വിറ്ററില്‍ ഈ വിഷയത്തില്‍ ഇടപെടുന്നതായി അറിയിച്ചിട്ടുണ്ട്. 

തമിഴ്‌നാട് മധുക്കരൈ സ്വദേശിനി ജയന്തിയെയാണ് തൊഴിലുടമ അന്യായമായി തടങ്കലില്‍ വെച്ചിരിക്കുന്നതായി മകള്‍ വനിത അറിയിച്ചിരിക്കുന്നത്. 2019ലാണ് ജയന്തി വീട്ടുജോലിക്കായി ദോഹയില്‍ എത്തുന്നത്. 

ഇവര്‍ക്ക് ഖത്തറിലെ തൊഴില്‍ ഉടമയില്‍ നിന്നും വലിയ രീതിയില്‍ ശാരീരിക, മാനസിക പീഡനങ്ങള്‍ക്ക് ഇരയാകേണ്ടതായി വന്നെന്ന് മകള്‍ വനിത ചൂണ്ടിക്കാട്ടി.

ദോഹ ഇന്ത്യന്‍ എംബസിയുമായി ജയന്തി നിരവധി തവണ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും തൊഴിലുടമ തടസ്സം നില്‍ക്കുകയായിരുന്നുവെന്ന് മകളെ ഉദ്ധരിച്ച് മൈഗ്രന്റ് റൈറ്റ്‌സ്. ഓര്‍ഗ് ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്തു. 

മാര്‍ച്ച് പതിനഞ്ചിനാണ് ജയന്തിയുടെ സ്റ്റേറ്റ്‌മെന്റ് അവസാനമായി വീട്ടുകാര്‍ക്ക് ലഭിച്ചത്. താന്‍ പിടിക്കപ്പെട്ടുവെന്നാണ് ജയന്തി തങ്ങളെ വോയിസ് സന്ദേശത്തിലൂടെ അറിയിച്ചതെന്ന് വീട്ടുകാര്‍ പറയുന്നു.

സാധാരണ ഇത്രയും ദിവസത്തേക്ക് അമ്മ തങ്ങളുമായി സംസാരിക്കാതിരിക്കാറില്ലെന്നും ഇന്ത്യന്‍ എംബസി അധികൃതര്‍ വിഷയത്തില്‍ ഉടന്‍ ഇടപെടണമെന്നും വനിതയെ ഉദ്ധരിച്ച് മൈഗ്രന്റ് റൈറ്‌സ്. ഓര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top