News Desk

2021-02-09 06:48:55 pm IST

ദോഹ: ഇംഗ്ലണ്ട് മുന്‍ ഫുട്ബോള്‍ ക്യാപ്റ്റന്‍ ഡേവിഡ് ബെക്കാം ഖത്തറിന്റെ സ്പോര്‍ട്സ് അംബാസഡറാവുമെന്ന് സൂചന. ഇതുമായി ബന്ധപ്പെട്ട് ഒരു കോടി പൗണ്ടിന്റെ കരാറില്‍ ഒപ്പുവെച്ചതായി ദി മെയില്‍ ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്തു.
 
2022-ല്‍ ഖത്തറില്‍ നടക്കുന്ന ലോകകപ്പിന് മുന്നോടിയായി ഡേവിഡ് ബെക്കാമിനെ ഖത്തറിന്റെ കായിക മുഖമാക്കി മാറ്റാന്‍ തയ്യാറെടുക്കുന്നതായാണ് റിപ്പോര്‍ട്ട്.

ഖത്തറുമായി കരാര്‍ ഒപ്പുവയ്ക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ച ഒരു വര്‍ഷത്തിലേറെയായി തുടര്‍ന്നു വരികയായിരുന്നുവെന്നും കരാറിന് അന്തിമ രൂപമായിക്കഴിഞ്ഞതായും ഖത്തര്‍ ഒളിംപിക്സ് കമ്മിറ്റി വൃത്തങ്ങളെ ഉദ്ധരിച്ച് പത്രം റിപ്പോര്‍ട്ട് ചെയ്തു. 

ഇക്കാര്യം പ്രഖ്യാപിക്കാന്‍ അനുയോജ്യമായ സമയത്തിനായി ഇരു വിഭാഗവും കാത്തിരിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വര്‍ഷങ്ങളായി ഖത്തറുമായി മികച്ച ബന്ധം പുലര്‍ത്തുന്ന താരമാണ് ഡേവിഡ് ബെക്കാം. ഖത്തറിന്റെ ഉടമസ്ഥതയിലുള്ള ഫ്രഞ്ച് ഫുട്ബോള്‍ ടീമിനു വേണ്ടി കളിക്കാന്‍ 2013-ല്‍ അദ്ദേഹം ഖത്തറിലെത്തിയിരുന്നു. 

ക്ലബ് പ്രസിഡന്റ് നാസര്‍ അല്‍ ഖലീഫയുമായി അടുത്ത വ്യക്തി ബന്ധം പുലര്‍ത്തുന്ന താരമാണ് ബെക്കാം. ഖത്തര്‍ ലോകകപ്പിന് ആതിഥ്യമരുളുന്നതുമായി ബന്ധപ്പെട്ട് ചിലകോണുകളില്‍ നിന്ന് എതിര്‍പ്പുകള്‍ ഉയര്‍ന്നപ്പോള്‍ ഖത്തറിനെ ശക്തമായി പിന്തുണച്ച താരം കൂടിയാണദ്ദേഹം. 

പുതിയ രാജ്യങ്ങളില്‍ ലോകകപ്പ് വരുന്നതാണ് അതിന്റെ ഭംഗിയെന്നും നിങ്ങളൊരിക്കലും പോവില്ലെന്ന് കരുതിയ നാടുകളില്‍ പോയി മല്‍സരങ്ങള്‍ കാണുകയെന്നത് മികച്ച അനുഭവമായിരിക്കുമെന്നും അന്ന് ബെക്കാം പറഞ്ഞിരുന്നു.

അതേസമയം, സ്വവര്‍ഗാനുരാഗത്തെ പരസ്യമായി പിന്തുണയ്ക്കുകയും താന്‍ അതില്‍ അഭിമാനം കൊള്ളുന്നുവെന്ന് പ്രഖ്യാപിക്കുകയും ചെയ്ത ബെക്കാം, സ്വവര്‍ഗ വിരുദ്ധ നയമുള്ള ഖത്തറുമായി കരാറിലൊപ്പിട്ടതിനെതിരെ വിമര്‍ശങ്ങള്‍ ഉയരുന്നുണ്ട്. 

സ്വവര്‍ഗരതി കുറ്റകരമായി കാണുന്ന രാജ്യമാണ് ഖത്തര്‍. ഏഴു വര്‍ഷം മുതല്‍ വധശിക്ഷവരെ ലഭിക്കാവുന്ന കുറ്റമാണിത് ഖത്തറില്‍. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട നിയമത്തില്‍ കാതലായ മാറ്റമുണ്ടാകുമെന്ന് ഖത്തര്‍ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നാണ് ബെക്കാമുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്. അതേസമയം, ഇതേക്കുറിച്ച് പരസ്യ പ്രതികരണത്തിന് ബെക്കാമോ ഖത്തര്‍ അധികൃതരോ തയ്യാറായിട്ടില്ല.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

ALSO WATCH 

Top