News Desk

2021-02-01 12:59:41 pm IST

ന്യൂഡല്‍ഹി: ഇന്ത്യയിലെ ഇസ്രായേല്‍ സ്ഥാനപതി റോണ്‍ മല്‍ക്കയെ വധിക്കുമെന്ന് ഭീഷണി. ഡല്‍ഹിയിലെ ഇസ്രായേല്‍ എംബസിക്ക് സമീപത്ത് സ്‌ഫോടനം നടന്നതിനു ശേഷം കണ്ടെത്തിയ കുറിപ്പിലാണ് വധ ഭീഷണിയുള്ളത്. 

ഇംഗ്ലീഷില്‍ എഴുതിയിരിക്കുന്ന കത്തില്‍ തീവ്രവാദ രാഷ്ട്രത്തിലെ തീവ്രവാദി എന്നാണ് ഇസ്രായേല്‍ അംബാസഡര്‍ റോണ്‍ മല്‍ക്കയെ വിശേഷിപ്പിക്കുന്നത്. 'ഞങ്ങള്‍ നിങ്ങളെ എങ്ങനെ നിരീക്ഷിക്കുന്നു എന്ന് കാണിച്ചു തരാനുള്ള ഒരു ട്രെയിലര്‍ മാത്രമാണ് ഈ സ്‌ഫോടനം.', കത്തില്‍ പറയുന്നു. 

''എത്ര കഠിനമാര്‍ഗങ്ങള്‍ തിരഞ്ഞെടുത്താലും നിങ്ങള്‍ക്ക് നിര്‍ത്താന്‍ കഴിയില്ല. ഞങ്ങള്‍ക്ക് എപ്പോള്‍ വേണമെങ്കിലും എവിടെ വെച്ചും നിങ്ങളുടെ ജീവിതം അവസാനിപ്പിക്കാന്‍ കഴിയും.'', കത്തില്‍ പറയുന്നു. ''നിങ്ങളുടെ ചുറ്റുമുള്ള നിരപരാധികളുടെ രക്തം ഒഴുകാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല'' എന്നും കത്തില്‍ പറയുന്നു. 

ഇസ്രായേല്‍ തീവ്രവാദ പ്രത്യയശാസ്ത്രത്തിന്റെ പങ്കാളികളും കൂട്ടാളികളും ഇനി മുതല്‍ നിലനില്‍ക്കില്ലെന്നും കത്തില്‍ ഭീഷണിപ്പെടുത്തുന്നുണ്ട്. ഇസ്രായേലിനോട് വലിയ പ്രതികാരത്തിന് തയ്യാറാവാനും കത്തില്‍ പറയുന്നുണ്ട്. ശേഷിക്കുന്ന ദിവസങ്ങള്‍ എണ്ണി തുടങ്ങിക്കോളൂ എന്ന് പറഞ്ഞാണ് കത്ത് അവസാനിപ്പിക്കുന്നത്. 

അതേസമയം, ഇസ്രായേല്‍ എംബസിക്ക് സമീപത്തുണ്ടായ സ്ഫോടനത്തിലെ പ്രാദേശിക ഇടപെടലുകള്‍ ഇറാന്‍ ബന്ധത്തിലേക്ക് വിരല്‍ ചൂണ്ടുന്നതാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ സ്‌ഫോടനം സംബന്ധിച്ച് അന്വേഷണ ഏജന്‍സികള്‍ക്ക് വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ബോംബ് സ്ഥാപിച്ചയാളെ ഇതുവരെ തിരിച്ചറിയാന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് സാധിച്ചിട്ടില്ല. 

വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് ഇസ്രായേല്‍ എംബസിക്ക് സമീപത്തെ എ.പി.ജെ അബ്ദുള്‍ കലാം റോഡിലായിരുന്നു സ്ഫോടനം നടന്നത്. സ്‌ഫോടനത്തില്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന മൂന്ന് കാറുകളുടെ ചില്ലുകള്‍ തകര്‍ന്നു. പ്ലാസ്റ്റിക് കടലാസില്‍ പൊതിഞ്ഞ നിലയിലായിരുന്നു സ്ഫോടകവസ്തു. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ജയ്ഷെ ഉല്‍ ഹിന്ദ് എന്ന സംഘടന ഏറ്റെടുത്തിരുന്നു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

ALSO WATCH 

Top