News Desk

2021-05-16 01:24:54 pm IST

ഗസ്സ: തുടര്‍ച്ചയായി ഏഴാം ദിവസവും ഗസ്സക്കു മേല്‍ ബോംബുവര്‍ഷം തുടര്‍ന്ന് ഇസ്രായേല്‍. 41 കുട്ടികളും 22 സ്ത്രീകളുമുള്‍പ്പെടെ 150 പേരാണ് ഗസ്സയില്‍ മാത്രം ഇസ്രായേല്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്. നിരവധി താമസ കെട്ടിടങ്ങള്‍ തകര്‍ത്തു. 

ആക്രമണം ഇനിയും തുടരുമെന്നും വരും ദിവസങ്ങളില്‍ ആക്രമണം കനപ്പിക്കുമെന്നും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. ഹമാസുമായി ചര്‍ച്ചകള്‍ക്കൊടുവില്‍ ഈജിപ്ത് മുന്നോട്ടുവെച്ച വെടിനിര്‍ത്തല്‍ കരാറും ഇസ്രായേല്‍ തള്ളി.

അസോസിയേറ്റഡ് പ്രസ്, അല്‍ജസീറ ഉള്‍പെടെ മാധ്യമ സ്ഥാപനങ്ങളുടെ ആസ്ഥാനം സ്ഥിതി ചെയ്യുന്ന അല്‍ ജലാ ടവര്‍ തകര്‍ത്ത ആക്രമണത്തില്‍ അടുത്ത കുടുംബങ്ങളിലെ എട്ടു കുട്ടികളും കൊല്ലപ്പെട്ടു. ശനിയാഴ്ചയാണ് ഫലസ്തീനിലെ മിക്ക മാധ്യമങ്ങളുടെയും ആസ്ഥാനം പ്രവര്‍ത്തിച്ച 12 നില ടവറിനു നേരെ ബോംബറുകള്‍ തീ വര്‍ഷിച്ചത്. 

കുടുംബങ്ങള്‍ താമസിച്ച 60 അപ്പാര്‍ട്ടുമെന്റുകളും ഈ കെട്ടിടത്തിലുണ്ടായിരുന്നു. മാധ്യമ സ്ഥാപനങ്ങളുടെ അവശ്യ വസ്തുക്കള്‍ മാറ്റാന്‍ സമയം ആവശ്യപ്പെട്ടെങ്കിലും അനുവദിക്കാതെയായിരുന്നു ആറു തവണ തുടരെ ബോംബുവര്‍ഷം.

അതേ ദിവസം ഗസ്സയിലെ ഫലസ്തീനി അഭയാര്‍ഥി ക്യാമ്പിനു നേരെയുണ്ടായ ആക്രമണത്തിലും നിരവധി കുട്ടികളും സ്ത്രീകളും കൊല്ലപ്പെട്ടിരുന്നു. ഹമാസ് നേതാവ് യഹ്‌യ സിന്‍വാറിന്റെ ഗസ്സയിലെ വീടും ആക്രമണത്തിനിരയായിട്ടുണ്ട്. ഇവിടെ അദ്ദേഹം ഉണ്ടായിരുന്നോ എന്ന് വ്യക്തമല്ല. ശനിയാഴ്ച രാത്രി നടന്ന മറ്റൊരു ആക്രമണത്തില്‍ രണ്ടു ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 25 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ഇസ്രായേലില്‍ ഫലസ്തീനി- ജൂത വംശീയ സംഘര്‍ഷങ്ങളും അതിവേഗം വ്യാപിക്കുകയാണ്. കഴിഞ്ഞ ദിവസം 11 പേര്‍ പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട വെസ്റ്റ് ബാങ്കില്‍ ഒരാള്‍ കൂടി മരിച്ചു. അതേസമയം, യുദ്ധക്കുറ്റങ്ങള്‍ക്ക് ഇസ്രായേലിനെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുംവരെ ഏറ്റവും പുതിയ വാര്‍ത്തകളുമായി രംഗത്തുണ്ടാകുമെന്ന് അല്‍ജസീറ ചാനല്‍ അറിയിച്ചു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top