News Desk

2021-06-06 09:15:11 pm IST
ദോഹ: ഖത്തറിന്റെ സഹായത്തോടെ റഷ്യയിലെ സെന്റ്പീറ്റേഴ്സ് ബെര്‍ഗില്‍ അറേബിയന്‍ ചലച്ചിത്ര മേള സംഘടിപ്പിക്കാന്‍ തീരുമാനമായതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. മിഡില്‍ ഈസ്റ്റിലെയും വടക്കേ ആഫ്രിക്കയിലെയും സമകാലീന സിനിമയിലേക്ക് റഷ്യന്‍ കാഴ്ച്ചക്കാരെ പരിചയപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള ഒരു സാംസ്‌കാരിക സംരംഭമാണ് ഇത്. 

ദോഹ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടും ഇന്റര്‍നാഷണല്‍ കള്‍ച്ചറല്‍ ക്രിയേറ്റീവ് ഏജന്‍സിയും പീറ്റേഴ്സ്‌ബെര്‍ഗ് ഇന്റര്‍നാഷണല്‍ ഇക്കണോമിക് ഫോറത്തിന്റെ തുടര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ചലച്ചിത്ര മേള സംഘടിപ്പിക്കുന്നത്. മേളയില്‍ ആറ് ഫീച്ചര്‍ ഫിലിമുകളും നിരവധി ഹ്രസ്വ ചിത്രങ്ങളും പ്രദര്‍ശിപ്പിക്കുന്നുണ്ട്. 

ഈ ചിത്രങ്ങള്‍ കാന്‍സ്, ടൊറന്റോ, വെനീസ് എന്നിവയുള്‍പ്പെടെ മറ്റ് അന്താരാഷ്ട്ര മേളയുടെ ഭാഗമായുള്ള പ്രോഗ്രാമുകളില്‍ തിരഞ്ഞെടുക്കപെട്ടവയാണ്. ഭാവിയില്‍ ആനുകാലികാടിസ്ഥാനത്തില്‍ ഈ പരിപാടി സംഘടിപ്പിക്കുമെന്നും എല്ലാവര്‍ക്കും മേളയില്‍ സൗജന്യ പ്രവേശനം അനുവദിക്കുമെന്നും സംഘാടകര്‍ അറിയിച്ചിട്ടുണ്ട്. 

ദോഹ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പിന്തുണയോടെ നിര്‍മ്മിച്ച സിനിമകളില്‍ നിന്നാണ് പുതിയ ഫെസ്റ്റിവലിനായി ചിത്രങ്ങള്‍ തിരഞ്ഞെടുത്തതെന്ന് ബീറ്റ് ഫിലിംസിലെ മേധാവിയും നടിയുമായ അന്റോണിന ബാലചോവ ആര്‍ടി അറബിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top