News Desk

2021-05-23 04:43:35 pm IST

കോഴിക്കോട്: ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തത് സഭയുടെ ആഗ്രഹ പ്രകാരമാണെന്ന് സഭാ ദിനപത്രമായ ദീപികയില്‍ ലേഖനം. ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തത് ക്രൈസ്തവ സഭകളുടെ ആഗ്രഹ പ്രകാരമാണെന്ന് 'പിണറായിയുടെ പുതിയ മുഖം' എന്ന ലേഖനത്തില്‍ അവകാശപ്പെടുന്നു.

പുതിയ മന്ത്രിസഭയില്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തത് നല്ല സൂചനയാണെന്നും ക്രൈസ്തവ സമൂഹം തെരഞ്ഞെടുപ്പിന് മുമ്പ് ഉന്നയിച്ച ആവശ്യം അംഗീകരിക്കപ്പെട്ടിരിക്കുന്നുവെന്നും ലേഖനം ചൂണ്ടിക്കാട്ടുന്നു.

കേരളത്തില്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഉണ്ടായ കാലം മുതല്‍ ഒരു സമുദായത്തിന് വേണ്ടി മാത്രം എല്ലാ സംവിധാനങ്ങളും ഉപയോഗിച്ചു കൊണ്ടിരിക്കുന്നു എന്നു മാത്രമല്ല മറ്റ് ന്യൂനപക്ഷങ്ങളോട് അനീതി കാണിച്ചു എന്ന പരാതിയും ഉണ്ടായി. ഈ പശ്ചാത്തലത്തിലാണ് പുതിയ മന്ത്രിസഭയില്‍ ന്യൂനപക്ഷ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കണമെന്ന് ക്രൈസ്തവ നേതാക്കള്‍ ആഗ്രഹം പ്രകടിപ്പിച്ചത്. ആ നിര്‍ദേശത്തോട് കാണിച്ച ആദരവ് പ്രശംസിക്കപ്പെടുമെന്നും ദീപികയിലെ ലേഖനത്തില്‍ പറയുന്നു.

ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തത് സംബന്ധിച്ച് മുസ്‌ലിം ലീഗ് ഉള്‍പ്പെടെ ചില സംഘടനകള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതിന് പിന്നാലെയാണ് ക്രൈസ്തവ സഭകളുടെ സമ്മര്‍ദത്തിന് വഴങ്ങിയല്ലെന്ന് വെള്ളിയാഴ്ച പിണറായി വിജയന്‍ പറഞ്ഞത്. പ്രവാസികാര്യം മുഖ്യമന്ത്രിയാണ് കൈകാര്യം ചെയ്യുന്നതെന്നും അതുപോലെ ന്യൂനപക്ഷക്ഷേമവും കൈകാര്യം ചെയ്യുന്നതാണ് നല്ലതെന്ന അഭിപ്രായം വന്നതായും പിണറായി ചൂണ്ടിക്കാട്ടിയിരുന്നു.

ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഒരുവിഭാഗം സ്ഥിരമായി കൈവശം വെക്കുന്നെന്നും ആനുകൂല്യങ്ങള്‍ തട്ടിയെടുക്കുന്നെന്നും ചിലര്‍ക്ക് പരാതിയുണ്ടായിരുന്നല്ലോയെന്നും അവര്‍ക്ക് നല്‍കിയ വാഗ്ദാനത്തിന്റെ ഭാഗമായാണോ മാറ്റമെന്നുമുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അങ്ങനെയൊരു പരാതി ഇല്ലെന്നായിരുന്നു മുഖ്യമന്ത്രി മറുപടി നല്‍കിയത്. എന്നാല്‍, മുഖ്യമന്ത്രിയുടെ നിലപാട് തള്ളികളയുന്നതാണ് ദീപികയിലെ ലേഖനം.

ഒന്നാം പിണറായി സര്‍ക്കാറില്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പ് കൈകാര്യം ചെയ്തിരുന്നത് കെ.ടി. ജലീലാണ്. എന്നാല്‍, പുതിയ മന്ത്രിസഭയില്‍ വി. അബ്ദുറഹ്മാനായിരിക്കും ന്യൂനപക്ഷ ക്ഷേമ വകുപ്പെന്ന് ഏറക്കുറെ ഉറപ്പായിരുന്നു. എന്നാല്‍, വെള്ളിയാഴ്ച രാവിലെ ഔദ്യോഗിക വിജ്ഞാപനം സര്‍ക്കാര്‍ പുറത്തിറക്കിയതോടെയാണ് ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തതായി വ്യക്തമായത്. 

പുതിയ മന്ത്രിസഭ അധികാരമേല്‍ക്കുമ്പോള്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കുകയോ ക്രൈസ്തവ മന്ത്രിയെ ഏല്‍പ്പിക്കുകയോ ചെയ്യണമെന്ന് ചങ്ങനാശ്ശേരി അതിരൂപതയും കേരള കാത്തലിക് യൂത്ത് മൂവ്‌മെന്റ് (കെ.സി.വൈ.എം) സംസ്ഥാന സമിതിയും കത്തോലിക്ക കോണ്‍ഗ്രസും ആവശ്യപ്പെട്ടിരുന്നു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top