News Desk

2021-05-01 04:05:06 pm IST
ന്യൂഡല്‍ഹി: ഓക്‌സിജന്‍ ക്ഷാമം രൂക്ഷമാകുന്ന ഡല്‍ഹിയില്‍ വീണ്ടും ഓക്‌സിജന്‍ കിട്ടാതെ വീണ്ടും ദുരന്തം. ബത്ര ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഡോക്ടര്‍ ഉള്‍പ്പടെ എട്ട് പേര്‍ ഓക്‌സിജന്‍ കിട്ടാതെ മരിച്ചു. ആശുപത്രിയിലെ ഓക്‌സിജന്‍ വിതരണം പൂര്‍ണമായും നിലച്ചതിനെ തുടര്‍ന്നാണ് ദുരന്തമുണ്ടായതെന്ന് അധികൃതര്‍ അറിയിച്ചു. 

ഇന്ന് ഉച്ചയ്ക്ക് 12 മണിക്കും ഒന്നരക്കുമിടയിലായിരുന്നു മരണമെന്നാണ് ആശുപത്രി അധികൃതര്‍ ഹൈക്കോടതിയില്‍ അറിയിച്ചത്. നിലവില്‍ 327 കൊവിഡ് രോഗികളാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ഇതില്‍ 48 പേര്‍ ഐ.സി.യുവിലാണ്. 

അതേസമയം, ഡല്‍ഹിയിലെ കേന്ദ്ര സര്‍ക്കാരിന്റേത് ഉള്‍പ്പടെ മുഴുവന്‍ ആശുപത്രികളിലെയും ചികിത്സ വിവരങ്ങള്‍ അടിയന്തരമായി ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. ഏപ്രില്‍ ഒന്ന് മുതലുള്ള വിവരമാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.ഓക്‌സിജന്‍ സ്റ്റോക്ക് എത്ര, പ്രവേശിപ്പിച്ച രോഗികളുടെ എണ്ണം, മരണം, കിടക്കകളുടെ എണ്ണമടക്കമുള്ള വിവരങ്ങളാണ് ഹാജരാക്കേണ്ടത്.

ഓക്‌സിജന്‍ പ്രതിസന്ധിയില്‍ കേന്ദ്രത്തെ കുറ്റപ്പെടുത്തി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ രംഗത്തെത്തി. ദിവസവും 976 ടണ്‍ ഓക്‌സിജന്‍ വേണ്ടിടത്ത് കേന്ദ്രം അനുവദിക്കുന്നത് 490 ടണ്‍ മാത്രമാണ്. ഇന്നലെ നല്‍കിയതാവട്ടെ 312 ടണ്‍ മാത്രം. ഇങ്ങനെയെങ്കില്‍ പ്രതിസന്ധി എങ്ങനെ പരിഹരിക്കുമെന്നും അരവിന്ദ് കെജ്രിവാള്‍ ചോദിച്ചു.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH


Top