News Desk

2021-04-03 07:58:25 pm IST
തിരുവനന്തപുരം: സ്ത്രീ ശാക്തീകരണം മുന്‍ നിര്‍ത്തി സംസ്ഥാന വനിതാ-ശിശുവികസന വകുപ്പ് പുറത്തിറക്കുന്ന ബോധവല്‍ക്കരണ പോസ്റ്ററുകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളില്‍ കൈയ്യടി നേടിയ നിരവധി പോസ്റ്ററുകള്‍ വനിതാ ശിശുവികസന വകുപ്പിന്റെ ഫേസ്ബുക്ക് പേജില്‍ നിറഞ്ഞിരുന്നു. ഇതിന് പിന്നാലെ വനിതാ-ശിശുവികസന വകുപ്പ് പുറത്തിറക്കിയ ഗര്‍ഭച്ഛിദ്രം നടത്തുന്നത് സ്ത്രീകളുടെ നിയമപരമായ അവകാശമാണെന്ന് വ്യക്തമാക്കുന്ന പോസ്റ്ററാണ് വൈറലാവുന്നത്.

അമ്മയാകണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള സ്ത്രീകളുടെ അവകാശത്തെ അംഗീകരിക്കാത്തവരോട് വിട്ടുവീഴ്ച വേണ്ട എന്നാണ് പോസ്റ്ററില്‍ ഉള്ള വാചകം. ഗര്‍ഭം ധരിച്ചിരിക്കുന്ന ഒരു സ്ത്രീക്ക്, അവര്‍ വിവാഹിതയായാലും അവിവാഹിതയായാലും, ആ ഗര്‍ഭം നിലനിര്‍ത്തണോ അതോ ഗര്‍ഭഛിദ്രം ചെയ്യണോ എന്ന് തീരുമാനിക്കാനുള്ള അവകാശം ഉണ്ട്. നിയമം അനുവദിക്കുന്ന കാരണങ്ങള്‍ മുന്‍നിര്‍ത്തി ഒരു സ്ത്രീ ആവശ്യപ്പെട്ടാല്‍ അത് ചെയ്തു കൊടുക്കാന്‍ ഡോക്ടര്‍മാര്‍ തയ്യാറാവേണ്ടതുമാണ്. അത് സ്ത്രീകളുടെ നിയമപരമായ അവകാശമാണ്, വനിതാ ശിശുവികസന വകുപ്പ് ഫേസ്ബുക്കില്‍ കുറിച്ചു.

നിരവധിപ്പേരാണ് പോസ്റ്ററിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുന്നത്. എന്നാല്‍ ഈ പോസ്റ്റിനെതിരെ വിമര്‍ശിച്ചും നിരവധിപേര്‍ രംഗത്തെത്തിയിരുന്നു. സമീപകാലത്തായി വനിതാ ശിശുവികസന വകുപ്പിന്റെ ഇത്തരം കാംപയിനുകള്‍ക്ക് വലിയ സ്വീകര്യതയാണ് ലഭിക്കുന്നത്. സാധാരണ സര്‍ക്കാര്‍ ബോധവല്‍ക്കരണ പോസ്റ്ററുകള്‍ക്കപ്പുറം ആശയം കൊണ്ടും അവതരണം കൊണ്ടും പുതുമ നിറഞ്ഞതാണ് വകുപ്പിന്റെ ഇത്തരം പോസ്റ്ററുകള്‍.

'ഇനി വിട്ടുവീഴ്ച വേണ്ട' എന്ന വകുപ്പിന്റെ കാംപയിനാണ് ഇതോടെ ശ്രദ്ധനേടുന്നത്. ബോഡിഷേമിങിനെ വിമര്‍ശിച്ച് ചെയ്ത പോസ്റ്ററുകളും വലിയ സ്വീകാര്യത നേടിയിരുന്നു. സ്ത്രീ ആയതുകൊണ്ടുമാത്രം ആരോടും ഒന്നിനോടും വിട്ടുവീഴ്ച വേണ്ട എന്ന് ആശത്തോടുകൂടിയതായിരുന്നു അത്. പോസ്റ്റ്പാര്‍ട്ടം ഡിപ്രഷനെക്കുറിച്ച് അവബോധമുണ്ടാക്കുന്ന പോസ്റ്ററുകളും ഏറെ ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.









കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top