News Desk

2021-04-05 06:24:49 pm IST
കണ്ണൂര്‍: പൈലറ്റാകാന്‍ ആഗ്രഹിച്ച എട്ടു വയസ്സുകാരന്‍ അദ്വൈതിനെ കോക്പിറ്റിലെത്തിച്ച് ആഗ്രഹം സഫലമാക്കി രാഹുല്‍ ഗാന്ധി. കഴിഞ്ഞ ദിവസം ഇരിട്ടിയില്‍ സണ്ണി ജോസഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ റോഡ് ഷോയില്‍ പങ്കെടുത്ത് മടങ്ങവെയാണ് അദ്വൈതിനെ പരിചയപ്പെടുന്നത്. ചായക്കടയില്‍ വെച്ച് കണ്ടുമുട്ടിയപ്പോള്‍ രാഹുലിന്റെ ചോദ്യങ്ങള്‍ക്ക് തെല്ലും കൂസലില്ലാതെ ഹിന്ദിയിലുള്ള മാസ്സ് മറുപടിയായിരുന്നു മൂന്നാം ക്ലാസ്സുകാരന്‍ നല്‍കിയത്. അദ്വൈതിന്റെ മറുപടികള്‍ അദ്ദേഹത്തെ അമ്പരപ്പിക്കുകയും ചെയ്തു. 

വലുതാകുമ്പോള്‍ എന്താകാനാണ് ആഗ്രഹമെന്ന ചോദ്യത്തിന് യാതൊരു മടിയും കൂടാതെ പൈലറ്റാകണമെന്ന മറുപടിയും  ആ കൊച്ചു മിടുക്കന്‍ നല്‍കുകയുണ്ടായി. പിന്നീട് കടയിലെ തിരക്കിനെ തുടര്‍ന്ന്കുട്ടി സ്ഥലം വിട്ടു പോവുകയും ചെയ്തു. 

പിന്നീട്  സണ്ണി ജോസഫിനോട് കുട്ടിയുടെ കുടുംബത്തിന്റെ ഫോണ്‍ നമ്പര്‍ ശേഖരിക്കാന്‍ രാഹുല്‍ ആവശ്യപ്പെട്ടു. ഫോണ്‍ നമ്പര്‍ ലഭിച്ചതോടെ രാഹുലിന്റെ വിളി അദ്വൈതിനെ തേടിയെത്തി. ഈ ചെറുപ്രായത്തില്‍ തന്നെ അതിശയിപ്പിച്ച കൊച്ചുമിടുക്കന്റെ ആഗ്രഹം സാക്ഷാത്ക്കരിക്കാന്‍ കോഴിക്കോട് എയര്‍പോര്‍ട്ടില്‍ കുട്ടിയെയും കൂട്ടി വരാന്‍ രാഹുല്‍ കുടുംബത്തോട് ആവശ്യപ്പെട്ടു.

വിമാനത്താവളത്തിലെത്തിയ അദ്വൈതിനെ ജീവനക്കാര്‍ വിമാനത്തില്‍ കയറ്റുകയും കോക്പിറ്റിലേക്ക് പ്രവേശിപ്പിക്കുകയും ചെയ്തു. വനിത പൈലറ്റിനൊപ്പം രാഹുല്‍ ഗാന്ധിയും വിമാനത്തിന്റെ പ്രവര്‍ത്തനം അദ്വൈതിനെ പരിചയപ്പെടുത്തി. തിരുവനന്തപുരത്തേക്ക് പോകാന്‍ വേണ്ടിയായിരുന്നു ചാര്‍േട്ടഡ് വിമാനം ഏര്‍പ്പെടുത്തിയിരുന്നത്. അദ്വൈതിനെയും കുടുംബത്തെയും തിരുവനന്തപുരത്തേക്ക് ക്ഷണിച്ചെങ്കിലും പോളിങ് ഡ്യൂട്ടി ഉള്ളതിനാല്‍ രക്ഷിതാക്കള്‍ അസൗകര്യം അറിയിച്ചു. 

അദ്വൈതിനൊപ്പം കോക്പിറ്റിലിരിക്കുന്ന ചിത്രം രാഹുല്‍ ഗാന്ധി സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുകയും ചെയ്തു. കീഴൂര്‍ എസ്.ഡി.എ പബ്ലിക് സ്‌കൂളിലെ മൂന്നാം ക്ലാസ്സ് വിദ്യാര്‍ത്ഥിയാണ് അദ്വൈത്. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക



Top