News Desk

2021-10-12 10:51:28 pm IST
തിരുവനന്തപുരം: കൊവിഡ് മരണം സംബന്ധിച്ച എല്ലാത്തരം സംശയങ്ങള്‍ക്കും ദിശ ഹെല്‍പ്പ് ലൈനുമായി ബന്ധപ്പെടാമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ്.

കൊവിഡ് 19 മരണത്തിനുള്ള അപ്പീല്‍ നല്‍കുമ്പോള്‍ പൊതുജനങ്ങള്‍ക്കുണ്ടാകുന്ന സംശയ ദൂരീകരണത്തിന് പരിചയ സമ്പന്നരായ സോഷ്യല്‍വര്‍ക്ക് പ്രൊഫഷണലുകളുടെയും ഡോക്ടമാരുടെയും സേവനം ദിശ ഹെല്‍പ്പ് ലൈനിലൂടെ ലഭിക്കുമെന്ന് മന്ത്രി പറഞ്ഞു. 

സംശയങ്ങള്‍ക്ക് ദിശ 104, 1056, 0471 2552056, 2551056 എന്നീ നമ്പരുകളില്‍ വിളിക്കാവുന്നതാണ്. ഇ-ഹെല്‍ത്ത് വഴി ദിശ ടീമിന് വിദഗ്ധ പരിശീലനം നല്‍കിയിട്ടുണ്ട്. 24 മണിക്കൂറും ദിശയുടെ സേവനം ലഭ്യമാണെന്നും മന്ത്രി പറഞ്ഞു.

വിവിധ സേവനങ്ങള്‍ക്കായി 25 ഡെസ്‌കുകളാണ് ദിശയില്‍ പ്രവര്‍ത്തിക്കുന്നത്. 75 ദിശ കൗണ്‍സിലര്‍മാര്‍, അഞ്ച് ഡോക്ടര്‍മാര്‍, ഒരു ഫ്‌ളോര്‍ മാനേജര്‍ എന്നിവരാണ് സേവനമനുഷ്ഠിക്കുന്നത്. പ്രതിദിനം 4,000 കോളുകള്‍ വരെ കൈകാര്യം ചെയ്യാന്‍ ദിശയ്ക്ക് കഴിയും.

ടെലിമെഡിക്കല്‍ സഹായം നല്‍കുന്നതിന് ഓണ്‍ ഫ്‌ളോര്‍ ഡോക്ടര്‍മാരും ഓണ്‍ലൈന്‍ എംപാനല്‍ഡ് ഡോക്ടര്‍മാരും അടങ്ങുന്ന ഒരു മള്‍ട്ടിഡിസിപ്ലിനറി ടീം പ്രവര്‍ത്തിക്കുന്നുണ്ട്.

മാനസികാരോഗ്യ സഹായം നല്‍കുന്നതിന് സൈക്യാട്രിസ്റ്റുകള്‍, സൈക്കോളജിസ്റ്റുകള്‍, സോഷ്യല്‍ വര്‍ക്കര്‍മാര്‍ എന്നിവരുടെ ഒരു ശൃംഖലയും ദിശയിലുണ്ട്.

ഈ സേവനങ്ങള്‍ക്ക് പുറമേയാണ് കൊവിഡ് 19 മരണത്തിനുള്ള അപ്പീലിന്റെ ഹെല്‍പ്പ് ലൈനായി ദിശയെ ചുമതലപ്പെടുത്തിയത്.

അതേസമയം, കൊവിഡ് മരണ അപ്പീലുകള്‍ക്കും മരണ സര്‍ട്ടിഫിക്കറ്റുകള്‍ക്കും ഇ-ഹെല്‍ത്ത് കൊവിഡ് 19 ഡെത്ത് ഇന്‍ഫോ പോര്‍ട്ടല്‍ (https://covid19.kerala.gov.in/deathinfo) മുഖേനയാണ് അപേക്ഷകള്‍ അയയ്‌ക്കേണ്ടത്. 

ഐ.സി.എം.ആര്‍. പുറത്തിറക്കിയ പുതുക്കിയ മാര്‍ഗ നിര്‍ദ്ദേശ പ്രകാരം കൊവിഡ് മരണമായി പ്രഖ്യാപിക്കാവുന്ന മരണങ്ങളും, ഇതുവരെ പ്രഖ്യാപിക്കപ്പെട്ട കൊവിഡ് മരണ ലിസ്റ്റില്‍ ഇല്ലാത്തതും, ഏതെങ്കിലും പരാതിയുള്ളവര്‍ക്കും പുതിയ സംവിധാനം വഴി അപ്പീല്‍ നല്‍കാനാകും. 

ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാന്‍ അറിയാത്തവര്‍ക്ക് പി.എച്ച്.സി. വഴിയോ അക്ഷയ സെന്റര്‍ വഴിയോ ആവശ്യമായ രേഖകള്‍ നല്‍കി ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


ALSO WATCH

Top