News Desk

2021-02-07 06:10:28 pm IST
കൊച്ചി: സംവിധായകന്‍ ശാന്തിവിള ദിനേശ് അറസ്റ്റില്‍. ഡബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി നല്‍കിയ പരാതിയില്‍ ആണ് ശാന്തിവിള ദിനേശിനെ തിരുവനന്തപുരം സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. തന്നെ പറ്റി അപവാദ പരാമര്‍ശമുള്ള വിഡിയോ യൂ ട്യൂബില്‍ അപ്ലോഡ് ചെയ്തെന്നാണു മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും ഭാഗ്യലക്ഷ്മി പരാതി നല്‍കിയിരുന്നത്.

കേസില്‍ മുന്‍കൂര്‍ ജാമ്യം നേടിയ ശാന്തിവിള ദിനേശിനെ ഇന്നലെയാണ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടത്. നവമാധ്യമങ്ങളിലൂടെ അപകീര്‍ത്തി പരാമര്‍ശം നടത്തിയെന്ന ഭാഗ്യലക്ഷ്മിയുടെ രണ്ടാം പരാതിയിലാണ് അറസ്റ്റ്.

തന്റെ സ്വകാര്യ ജീവിതത്തെ അപമാനിക്കുന്ന വിധത്തില്‍ യൂട്യൂബിലൂടെ അപകീര്‍ത്തി പരാമര്‍ശം നടത്തിയതിന് ഭാഗ്യലക്ഷ്മിയുടെ പരാതിയില്‍ നേരത്തെയും ശാന്തിവിള ദിനേശിനെതിരെ കേസെടുത്തിരുന്നു. ഈ കേസില്‍ ഹൈക്കോടതിയില്‍ നിന്നാണ് ശാന്തിവിള ദിനേശ് മുന്‍കൂര്‍ ജാമ്യമെടുത്തത്. അന്ന് പൊലീസ് താക്കീത് നല്‍കുകയും ചെയ്തിരുന്നു. തുടര്‍ന്ന് വീഡിയോ നീക്കം ചെയ്തിരുന്നു.

നേരത്തെ ഭാഗ്യലക്ഷ്മി അടക്കമുള്ളവരുടെ പരാതിയില്‍ മറ്റൊരു യൂ ട്യൂബറായ വിജയ് പി നായരെ അറസ്റ്റ് ചെയ്തിരുന്നു. അതേസമയം യൂ ട്യൂബ് വീഡിയോ വഴി അശ്ലീലം പറഞ്ഞ വിജയ് പി നായരെ കയ്യേറ്റം ചെയ്ത കേസില്‍ ഭാഗ്യലക്ഷ്മിക്ക് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Top