News Desk

2021-12-05 05:19:29 pm IST
കാബൂള്‍: സ്ത്രീ സ്വാതന്ത്യവുമായി ബന്ധപ്പെട്ട് സുപ്രധാന ഉത്തരവുമായി താലിബാന്‍ സര്‍ക്കാര്‍. സ്ത്രീകളെ 'വില്‍പ്പനച്ചരക്കായി' കാണരുതെന്നും വിവാഹത്തിന് മുമ്പ് സ്ത്രീകളുടെ സമ്മതം നിര്‍ബന്ധമായും ചോദിച്ചിരിക്കണമെന്നും താലിബാന്‍ ഉത്തരവിറക്കിയതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

സ്ത്രീകളെ വിവാഹത്തിന് നിര്‍ബന്ധിച്ചുകൂടാ എന്നതിന് പുറമെ വിധവകള്‍ക്ക് ഭര്‍ത്താവിന്റെ സ്വത്തില്‍ അവകാശമുണ്ടായിരിക്കും എന്നുകൂടി പുതിയ ഉത്തരവില്‍ പറയുന്നുണ്ട്. 

താലിബാന്‍ വക്താവായ സബീഹില്ലാ മുഹാജിദ് ആണ് പുതിയ ഉത്തരവ് പ്രസിദ്ധപ്പെടുത്തിയത്. അതില്‍ സ്ത്രീകളുടെ വിവാഹം, സ്വത്തവകാശം തുടങ്ങിയ പല വിഷയങ്ങളെക്കുറിച്ചും വിശദമായി തന്നെ പരാമര്‍ശിക്കുന്നുണ്ട്. 

എന്നാല്‍, പുതിയ ഉത്തരവില്‍ സ്ത്രീകളുടെ വിദ്യാഭ്യാസം, വീടിനു പുറത്തുപോയി തൊഴിലെടുക്കാനുള്ള അവരുടെ അവകാശം എന്നിവ സംബന്ധിച്ച ഗുണകരമായ നയങ്ങളൊന്നും ഉള്‍പ്പെടുത്തിയിട്ടില്ല. 

അതേസമയം, 1996 മുതല്‍ 2001 വരെയുള്ള മുന്‍ ഭരണകാലത്ത്, ബന്ധുവായ ഒരു പുരുഷന്റെ അകമ്പടിയോടെ, തലയും മുഖവും അടക്കം ശരീരം മുഴുവനായും മറച്ചുകൊണ്ടല്ലാതെ വീടുവിട്ടിറങ്ങുന്നതിന് താലിബാന്‍ സ്ത്രീകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഈ നിയമത്തില്‍ അയവു വരുത്തിയിട്ടുണ്ട്. 

താലിബാന്‍ അധികാരത്തിലേറിയതിനു പിന്നാലെ, സ്ത്രീകളുടെ സ്വാതന്ത്ര്യത്തിനു കൂച്ചുവിലങ്ങിടുന്നു എന്നതടക്കമുള്ള മനുഷ്യാവകാശ ലംഘനങ്ങള്‍ ചൂണ്ടിക്കാട്ടി അഫ്ഗാനിസ്ഥാനുള്ള പല അന്താരാഷ്ട്ര സാമ്പത്തിക സഹായങ്ങളും മരവിപ്പിക്കപ്പെട്ട സാഹചര്യത്തിലാണ് സുപ്രധാന ഉത്തരവുകള്‍ പുറപ്പെടുവിച്ചിരിക്കുന്നത്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top