News Desk

2021-05-31 04:08:37 pm IST
ന്യൂഡല്‍ഹി: വാക്‌സിന്‍ നയത്തില്‍ വീണ്ടും കേന്ദ്ര സര്‍ക്കാരിനെതിരെ ചോദ്യങ്ങള്‍ ഉന്നയിച്ച് സുപ്രീം കോടതി. വാക്‌സിന്‍ വിലനിര്‍ണ്ണയം കേന്ദ്രം ഏറ്റെടുക്കണം എന്ന നിര്‍േദശം സുപ്രീംകോടതി ആവര്‍ത്തിച്ചു. 

18 മുതല്‍ 45 ഇടയിലുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കുന്നതില്‍ നിന്ന് കേന്ദ്രം ഒഴിഞ്ഞു മാറരുതെന്നാണ് സുപ്രീം കോടതിയുടെ നിര്‍ദേശിച്ചു. വാക്‌സിന്‍ നയയവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി സ്വമേധയാ എടുത്ത കേസ് പരിഗണിക്കുമ്പോഴായിരുന്നു വിമര്‍ശനം. 
 
പകുതി വാക്‌സിന്‍ സംസ്ഥാനങ്ങളും സ്വകാര്യ കേന്ദ്രങ്ങളും വാങ്ങട്ടെ എന്ന് എന്തുകൊണ്ട് തീരുമാനിച്ചു എന്ന് കോടതി കേന്ദ്ര സര്‍ക്കാരിനോട് ചോദിച്ചു. വിലനിര്‍ണ്ണയം കമ്പനികള്‍ക്ക് നല്‍കരുത്. രാജ്യമാകെ വാക്‌സിന്‍ ഒറ്റ വില നിര്‍ണ്ണയിച്ച് ഇത് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. വാക്‌സിന് ഒരു രാജ്യം ഒരു വില എന്നത് നടപ്പാക്കാന്‍ കേന്ദ്രത്തിന് ബാധ്യതയില്ലെയെന്നും കോടതി ചോദിച്ചു. 

കൂടാതെ കൊവിന്‍ ആപ്പിലെ രജിസ്‌ട്രേഷന് കുടിയേറ്റ തൊഴിലാളികള്‍ ഉള്‍പ്പടെ പലര്‍ക്കും കഴിയുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഡിസംബറോടെ എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കാനാവും എന്നാണ് സോളസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചത്. അതിനിടെ രണ്ട് വാക്‌സിന്‍ ഡോസുകള്‍ക്കിടയിലെ ഇടവേള വീണ്ടും മാറ്റേണ്ടതുണ്ടോ എന്ന് കേന്ദ്രം ആലോചിക്കുകയാണ്. വാക്‌സിന്‍ ഒറ്റ ഡോസ് മതിയാകുമോ എന്ന പഠനവും ഓഗസ്റ്റോടെ പൂര്‍ത്തിയാക്കാന്‍ കേന്ദ്രം തീരുമാനിച്ചിരിക്കുകയാണ്.

ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഢ്, എല്‍.എന്‍ റാവു, എസ്.രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ ബഞ്ചാണ് കേസ് പരിഗണിച്ചത്. കേസില്‍ സത്യാവാങ്മൂലം സമര്‍പ്പിക്കാന്‍ കേന്ദ്രസര്‍ക്കാരിന് രണ്ടാഴ്ചത്തെ സമയവും കോടതി അനുവദിച്ചു. 

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top