News Desk

2021-04-07 04:27:19 pm IST
ശരീരം ചില രോഗങ്ങളെക്കുറിച്ച് മുന്‍കൂട്ടി മുന്നറിയിപ്പ് നല്‍കാറുണ്ട്. ഇത്തരത്തില്‍ അസവാഭാവികമായ എന്തെങ്കിലും രോഗലക്ഷണങ്ങള്‍ കണ്ടാല്‍ അത് അധികം നീട്ടിക്കൊണ്ടു പോകാതെ കഴിയുന്നതും വേഗത്തില്‍ വിദഗ്ധരെ സമീപിക്കേണ്ടത് അനിവാര്യമാണ്.

ചലനശേഷിക്ക് നിയന്ത്രണമില്ലായ്മയായി തുടങ്ങി അവസാനം തീര്‍ത്തും ചലനശേഷി നഷ്ടപ്പെടുന്ന ഗുരുതരമായ അവസ്ഥയിലേക്കു പോകുന്ന രോഗമാണ് പാര്‍ക്കിന്‍സണ്‍സ്. ശരീരത്തിലെ ചലനാത്മകതയെ ബാധിക്കുന്ന ഒരു നാഡീക്ഷയരോഗമാണിത്. അതിനാല്‍ രോഗനിര്‍ണയവും ചികിത്സയും വേഗത്തില്‍ തുടങ്ങണം. 

സാധാരണയായി 60 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് കണ്ടു വരുന്ന ഈ രോഗം ഇപ്പോള്‍ 35-50 വയസ്സിനിടയിലും കണ്ടു വരുന്നുണ്ട്. ശൈശവ പാര്‍ക്കിന്‍സണ്‍സ് രോഗവും കണ്ടു വരുന്നു.

എഴുതുന്നതിനുള്ള പ്രയാസം, മാംസപേശികളുടെ നിയന്ത്രണമില്ലായ്മ തുടങ്ങിയവയെല്ലാം രോഗത്തിനു മുന്നോടിയായി ശരീരം പ്രകടിപ്പിച്ചു തുടങ്ങും. 

മറ്റ് പ്രധാന ലക്ഷണങ്ങള്‍:

* ശരീരഭാഗങ്ങള്‍ക്ക് വിറയല്‍

* പേശികള്‍ക്കു മുറുക്കം

* ചലനശേഷിക്കുറവ്

* ബലക്കുറവ്

* സംസാരിക്കുമ്പോഴുള്ള വിറയല്‍

രോഗത്തെ പ്രതിരോധിക്കാന്‍ ഭക്ഷണ ക്രമത്തോടൊപ്പം ദിനചര്യയിലും മാറ്റങ്ങള്‍ ആവശ്യമാണ്. ദിവസവും രാവിലെ കൃത്യസമയത്ത് എഴുന്നേല്‍ക്കുക (സൂര്യോദയത്തിന് മുമ്പ്). മലമൂത്രവിസര്‍ജനം വൈകിക്കാതിരിക്കുക. ദിവസവും കുളി ശീലമാക്കുക. വ്യായാമം, പ്രാര്‍ത്ഥന, യോഗ ഇവ ശീലമാക്കുക. രാത്രി സ്വസ്ഥമായി ഉറങ്ങുക. പകല്‍ ഉറക്കം ഒഴിവാക്കുകയും വേണം. 

നാരുകള്‍ ഉള്ളതും എളുപ്പം ദഹിക്കുന്നതും പോഷകസമ്പുഷ്ടവുമായ ഭക്ഷണമാണ് ഈ രോഗികള്‍ക്ക് അനുയോജ്യം. നാഡീ പേശി പുഷ്ടികരങ്ങളായ നെയ്യ്, ശുദ്ധജലം, ചെറുപയര്‍, മോര്, തേന്‍, ബ്രഹ്മി, മുത്തിള്‍, പാല്‍, വെണ്ണ, ചെന്നെല്ലരി, നവരയരി എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

വിറ്റമിന്‍ ഡിയുടെ കുറവ് അനുഭവപ്പെടുന്നതിനാല്‍ കൊഴുപ്പ് കുറഞ്ഞ പാല്‍, മുട്ട, മിതമായ മാംസാഹാരം എന്നിവ ശീലിക്കേണ്ടതാണ്. ആന്റി ഓക്‌സിഡന്റ്‌സ് ധാരാളമുള്ള ഫലങ്ങളായ പേരയ്ക്ക, നെല്ലിക്ക, പപ്പായ, മാതളം എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.

ആഹാരം കഴിക്കാതിരിക്കുക, ആഹാരം ദഹിക്കാതെ വീണ്ടും കഴിക്കുക, അസമയത്ത് ആഹാരം കഴിക്കുക എന്നിവ ഒഴിവാക്കുക. മദ്യപാനം, മറ്റു ലഹരി വസ്തുക്കളുടെ ഉപയോഗം എന്നിവ ഉപേക്ഷിക്കുക.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top