News Desk

2021-02-19 10:41:45 pm IST
കാലിഫോര്‍ണിയ: ഇന്ത്യയിലെ ഉപയോക്താക്കളുടെ സ്വകാര്യ ആശയവിനിമയങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധത കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചെന്ന് മെസ്സേജിങ് ആപ്പായ വാട്‌സ്ആപ്പ് കമ്പനി അറിയിച്ചു. 

തെറ്റിധാരണകളും തങ്ങളുടെ ഉപയോക്താക്കളില്‍ നിന്നുള്ള പ്രതികരണങ്ങളുടെയും അടിസ്ഥാനത്തില്‍, വാട്ട്സ്ആപ്പിന്റെ പുതിയ സേവന നിബന്ധനകളും സ്വകാര്യതാ നയവും അംഗീകരിക്കുന്നതിന്റെ സമയപരിധി മെയ് 15 ലേക്ക് മാറ്റിയിരിക്കുന്നു. അതേസമയം, തങ്ങള്‍ സര്‍ക്കാരുമായി ഇടപഴകുന്നത് തുടരുമെന്നും, അവരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനുള്ള അവസരം ലഭിച്ചത് വലിയ സന്തോഷം നല്‍കുന്നുവെന്നും വാട്സ്ആപ്പ് പ്രസ്താവനയിലൂടെ അറിയിച്ചു. 

അതേസമയം, വിവാദമായ സ്വകാര്യതാ നയ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കാനുള്ള പദ്ധതികളുമായി മുന്നോട്ട് പോകുമെന്ന് പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകമാണ് വാട്‌സ്ആപ്പ് പ്രസ്താവനയിറക്കുന്നത്. ടെലിഗ്രാം, സിംഗല്‍ തുടങ്ങിയ പ്ലാറ്റ്ഫോമുകളിലേക്ക് നിരവധി ഉപയോക്താക്കളില്‍ ചേക്കേറിയത് വന്‍ തിരിച്ചടി സമ്മാനിച്ചെങ്കിലും തങ്ങളുടെ തീരുമാനത്തില്‍ ഒരു മാറ്റവുമില്ലെന്ന് വാട്‌സ്ആപ്പ് നേരത്തെ തന്നെ അറിയിച്ചിരുന്നു.

ആളുകള്‍ക്കുള്ള അനാവശ്യ ആശങ്കകള്‍ പരിഹരിക്കുന്നതിനായി കൂടുതല്‍ വിവരങ്ങള്‍ ഞങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ക്രമേണ, വാട്ട്സ്ആപ്പ് ഉപയോഗിക്കുന്നത് തുടരുന്നതിന് ഈ അപ്ഡേറ്റുകള്‍ അവലോകനം ചെയ്യാനും സ്വീകരിക്കാനും ഞങ്ങള്‍ ആളുകളെ ഓര്‍മ്മിപ്പിച്ചുകൊണ്ടേയിരിക്കുമെന്നും വാട്‌സ്ആപ്പ് പ്രസ്താവനയിലൂടെ വ്യക്തമാക്കി. 

വാട്‌സ്ആപ്പിലൂടെ ബിസിനസുകളുമായി ചാറ്റ് ചെയ്യുന്നതിനും ഷോപ്പ് ചെയ്യുന്നതിനും പുതിയ സൗകര്യങ്ങള്‍ നാം നിര്‍മിച്ചുവരുന്നുണ്ട്. അത് തീര്‍ത്തും ഓരോരുത്തരുടെ ഇഷ്ടമനുസരിച്ച് ചെയ്യാവുന്നതാണ്. സ്വകാര്യ സന്ദേശങ്ങള്‍ എക്കാലവും എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്റ്റഡും സുരക്ഷിതവുമായി തന്നെ തുടരുന്നതായിരിക്കും. വാട്‌സ്ആപ്പിന് ഒരിക്കലും അവ കേള്‍ക്കാനോ വായിക്കാനോ സാധിക്കില്ലെന്നും പ്രസ്താവനയില്‍ കമ്പനി പറയുന്നു. 

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top