News Desk

2021-03-15 02:44:55 pm IST
മലപ്പുറം: നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെന്ന് ജീവ കാരുണ്യ പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പില്‍. ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു പ്രതികരണം. തവനൂരിലാണ് ഫിറോസിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരുന്നത്. കെ.ടി.ജലീലാണ് ഇവിടെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി. 

തവനൂര്‍ മറ്റാരും മത്സരിക്കുന്നില്ലെന്ന് പറഞ്ഞത് കൊണ്ടാണ് താന്‍ ആദ്യം സമ്മതിച്ചതിച്ചതെന്നും പിന്നീടാണ് ആ സീറ്റിന് വേണ്ടി പലരും കടിപിടി കൂടുന്ന സാഹചര്യം, മുദ്രാവാക്യവും പ്രതിഷേധവും ഒക്കെ വന്നത്. ഇതൊക്കെ കാണുമ്പോള്‍ നമ്മള്‍ വലിഞ്ഞ് കേറിയ ഫീല്‍ വരും. അതുകൊണ്ടാണ് മത്സരിക്കാനില്ലെന്ന് തീരുമാനിച്ചതെന്ന് ഫിറോസ് വ്യക്തമാക്കി.

വിവാദങ്ങള്‍ ഉള്ള ഒരു സീറ്റും തനിക്കു വേണ്ടെന്നും സീറ്റ് കിട്ടുന്നുണ്ടെങ്കില്‍ ഒരു പ്രശ്‌നങ്ങളില്ലാതെ എല്ലാവരുടെയും സന്തോഷത്തോടുകൂടി തരുന്ന സീറ്റ് മാത്രം ആണ് വേണ്ടതെന്നും ലൈവ് വീഡിയോയില്‍ ഫിറോസ് പറഞ്ഞു.

പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് തന്നെ സീറ്റ് നല്‍കുക ആണ് നല്ലത്. ഞാന്‍ മാറി നില്‍ക്കുക ആണ്. നാളെ പ്രഖ്യാപിക്കുമ്പോള്‍ ഫിറോസിനെ മാറ്റി നിര്‍ത്തുക.' താന്‍ ജനപ്രതിനിധി അല്ലെങ്കിലും മണ്ഡലത്തിലെ ജനങ്ങള്‍ക്ക് ഒരു ആപത്ത് വരുമ്പോള്‍ കൂടെ ഉണ്ടാകും എന്ന് പറഞ്ഞാണ് ഫിറോസ് കുന്നംപറമ്പില്‍ വീഡിയോ അവസാനിപ്പിക്കുന്നത്.

അതേസമയം, നേരത്തെ തവനൂരില്‍ ഫിറോസ് കുന്നംപറമ്പിലിന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് മലപ്പുറം ഡി.സി.സിക്ക് മുന്‍പില്‍ പ്രതിഷേധിച്ചത്. മലപ്പുറത്ത് പൊന്നാനി മണ്ഡലത്തിലെയും തവനൂര്‍ മണ്ഡലത്തിലെയും സ്ഥാനാര്‍ത്ഥികളെ ചൊല്ലിയാണ് പ്രതിഷേധം ഉടലെടുത്തത്.

വീഡിയോയിലെ വിശദാംശങ്ങള്‍ ഇങ്ങനെ;

'ഫിറോസ് കുന്നംപറമ്പില്‍ തവനൂര്‍ മണ്ഡലത്തില്‍ മത്സരിക്കുന്നു എന്നുള്ള ഒരു വാര്‍ത്തകളൊക്കെ നിങ്ങള്‍ കേട്ടതാണ്. പ്രിയപ്പെട്ട യുഡിഎഫ്, കോണ്‍ഗ്രസ്  നേതാക്കളൊക്കെ എന്നെ വിളിച്ചിരുന്നു. ചെന്നിത്തല സാറിന്റെ യാത്ര സ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ തന്നെ എന്നെ വിളിച്ച് പാലക്കാട് എത്തുമ്പോള്‍ ഒന്ന് കാണണമെന്ന് ആവശ്യപ്പെട്ടു. അദ്ദേഹത്തെ പോയി കണ്ടു. നേതാക്കളൊക്കെ എന്നെ വിളിച്ച് മത്സരിക്കാന്‍ ആവശ്യപ്പെട്ടു. ആദ്യം ഞാന്‍ അതിന് സമ്മതിച്ചില്ല.  എനിക്ക് എന്റെ ജീവകാരുണ്യ പ്രവര്‍ത്തനം നല്ല രീതിയില്‍ കൊണ്ടുപോണം. എല്ലാവരെയും ചേര്‍ത്ത് പിടിച്ചു കൊണ്ടു പോണം എന്നൊക്കെ ആയിരുന്നു അതിന് കാരണം.  ഇങ്ങനെ പോട്ടെ,  എന്നെ എങ്ങനെയെങ്കിലും ഒഴിവാക്കണം ഞാനില്ല. ബന്ധപ്പെട്ട ആളുകളെ വിളിച്ചു പറഞ്ഞു മാറി നില്‍ക്കാനാണ് ഞാന്‍ ശ്രമിച്ചത്.  പക്ഷേ അങ്ങനെ ഒരു പ്രശ്‌നങ്ങളില്ല, എവിടെയും ഒരു പ്രശ്‌നവുമില്ല, മണ്ഡലത്തില്‍ എല്ലാവരും ഇഷ്ടപ്പെടുന്നുണ്ട്. അവിടെ  പ്രശ്‌നങ്ങള്‍  ഉണ്ടാവില്ല, ഫിറോസ് ധൈര്യമായിട്ട് വരൂ, എന്നൊക്കെ   പറഞ്ഞപ്പോള്‍ ഞാന്‍ അര മനസോടുകൂടി ആയിക്കോട്ടെ എന്ന് ഞാന്‍ തീരുമാനിച്ചു. ഇത് കെപിസിസി തീരുമാനം ആണെന്നു വരെ അറിയിച്ചത് കൊണ്ടാണ്  പത്രക്കാര്‍ വന്നപ്പോള്‍  ഇങ്ങനെ നേതാക്കള്‍ വിളിച്ചിരുന്നു മത്സരിക്കാന്‍ തയാറാണെന്ന് അറിയിച്ചിട്ടുണ്ടെന്ന് പറഞ്ഞത്.  യുഡിഎഫ് സ്ഥാനാര്‍ഥി പട്ടിക പുറത്തു വരുമ്പോള്‍ അതിനകത്ത് പേരുണ്ടാവും എന്നാണ് ഞാന്‍ കരുതിയത്.  പക്ഷേ എന്റെ പേര് അതില്‍ വന്നില്ലെന്ന് മാത്രമല്ല അല്ല കേരളത്തിലെ വിവാദങ്ങളും പ്രശ്‌നങ്ങളും നില്‍ക്കുന്ന ആറ് മണ്ഡലങ്ങളില്‍ ഒന്നായിട്ട് മണ്ഡലത്തെ മാറ്റിവെക്കുകയും ചെയ്തു.   എന്താണെങ്കിലും ഒരു സീറ്റിനുവേണ്ടി  രണ്ടും മൂന്നും ആളുകള്‍ കാത്തിരിക്കുന്നു.  പാര്‍ട്ടിക്കാര്‍ക്ക് വേണമെന്ന് പറഞ്ഞ്  ഒരു വിഭാഗം ആളുകള്‍ മലപ്പുറം ഡി.സി.സിയില്‍ സമരം ചെയ്യുന്നു. സീറ്റില്‍ ഫിറോസിനെ വേണോ പാര്‍ട്ടിക്കാരെ വേണോ എന്നൊക്കെ ചര്‍ച്ച ചെയ്യുക എന്നൊക്കെ കേള്‍ക്കുമ്പോള്‍ സത്യത്തില്‍ മാനസികമായി വിഷമമുണ്ട്. ആ സീറ്റില്‍ മത്സരിക്കാന്‍ ഞാനില്ല. ആ സീറ്റിന് അര്‍ഹര്‍ അവര്‍ തന്നെയാണ്. ഞാന്‍ എന്തായാലും മാറി നില്‍ക്കുക യാണ്. തമ്മില്‍ തല്ലി സീറ്റ് വാങ്ങാന്‍ ഞാനില്ല..എന്നെ കൊണ്ടാവില്ല.' - ഫിറോസ് പറയുന്നു.കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 

Top