News Desk

2021-02-06 03:06:34 pm IST
ദോഹ: ഖത്തറില്‍ ഫിഫ ക്ലബ് ലോകകപ്പിലേക്കെത്തുന്ന കാണികള്‍ക്ക് സുരക്ഷിത യാത്രയൊരുക്കി ദോഹ മെട്രോ. 30 ശതമാനം ശേഷിയിലാണ് മെട്രോയുടെ പ്രവര്‍ത്തനം. അഹമ്മദ് ബിന്‍ അലി, എജ്യുക്കേഷന്‍ സിറ്റി സ്റ്റേഡിയങ്ങളിലാണ് മത്സരങ്ങള്‍ നടക്കുന്നത്. മെട്രോ ഗ്രീന്‍ ലൈനിലൂടെ സഞ്ചരിച്ചാല്‍ കാണികള്‍ക്ക് രണ്ടു സ്റ്റേഡിയങ്ങളിലേക്കും എത്താം.

ഗ്രീന്‍ ലൈനിലെ അല്‍ റിഫ സ്റ്റേഷനില്‍നിന്ന് അഹമ്മദ് ബിന്‍ അലിയിലേക്കും എജ്യുക്കേഷന്‍ സിറ്റി സ്റ്റേഷനില്‍ നിന്നു എജ്യുക്കേഷന്‍ സിറ്റി സ്റ്റേഡിയത്തിലേക്കും നടക്കാനുള്ള ദൂരമേയുള്ളൂ. എഴ്, എട്ട്, പതിനൊന്ന് തീയതികളിലാണ് ക്ലബ്ബിലെ അടുത്ത മത്സരങ്ങള്‍.

ഖത്തര്‍ റെയിലിന്റെ മൊബൈല്‍ ആപ്, ദോഹ മെട്രോ വെബ്സൈറ്റ് എന്നിവയിലൂടെ ദോഹ മെട്രോയുടെ പ്ലാന്‍ മൈ ജേര്‍ണി ഉപയോഗിച്ച് മത്സര വേദിയിലേക്കുള്ള യാത്ര നേരത്തെ പ്ലാന്‍ ചെയ്യാം. 

അംഗീകൃത സെയില്‍സ് ഔട്ട്ലെറ്റുകളില്‍ നിന്നോ തലാബത് മാര്‍ട് മൊബൈല്‍ ആപ്പിലൂടെ ഓണ്‍ലൈനായോ പ്രീ-പെയ്ഡ് യാത്രാ കാര്‍ഡുകള്‍ വാങ്ങാം. ഖത്തര്‍ റെയില്‍ മൊബൈല്‍ ആപ്പിലൂടെ തന്നെ കാര്‍ഡുകള്‍ റീ ചാര്‍ജ് ചെയ്ത് ഉപയോഗിക്കാം. ഗോള്‍ഡ് ക്ലബ് യാത്രാ കാര്‍ഡുകള്‍ എല്ലാ മെട്രോ സ്റ്റേഷനുകളിലെയും ഗോള്‍ഡ് ക്ലബ് സെന്ററുകളില്‍ നിന്നും ലഭിക്കും.

യാത്രക്കാരുടെ തിരക്കൊഴിവാക്കാന്‍ സ്റ്റേഷനിലെ ടിക്കറ്റ് വെന്‍ഡിങ് മെഷീനുകള്‍, പ്രവേശന കവാടങ്ങള്‍, പ്ലാറ്റ്ഫോം എന്നിവിടങ്ങളിലെല്ലാം പ്രത്യേക ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മൊബൈലിലെ ഇഹ്തെറാസ് ആപ്പില്‍ പ്രൊഫൈല്‍ നിറം പച്ചയെങ്കില്‍ മാത്രമാണ് പ്രവേശനം അനുവദിക്കുന്നത്.

ശരീര താപനില 37.8 ഡിഗ്രി സെല്‍ഷ്യസില്‍ താഴെയെങ്കില്‍ മാത്രമേ യാത്ര അനുവദിക്കൂ. ഫെയ്സ് മാസ്‌കും സാമൂഹിക അകലവും നിര്‍ബന്ധമാണ്. ശനി മുതല്‍ ബുധന്‍ വരെ രാവിലെ ആറ് മുതല്‍ രാത്രി 11.00 വരെയും വ്യാഴാഴ്ച രാത്രി 11.59 വരെയും വെളളിയാഴ്ച ഉച്ചയ്ക്ക് രണ്ട് മുതല്‍ രാത്രി 11.59 വരെയുമാണ് മെട്രോയുടെ സര്‍വീസ്.




കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

ALSO WATCH

Top