News Desk

2021-03-01 04:59:21 pm IST
ദോഹ: കേരള ഫോക്‌ലോര്‍ അക്കാദമിയുടെ യുവ പ്രതിഭപുരസ്‌കാരം 2020ന് പടയണി കലാകാരനും ഖത്തറിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ ദോഹ രാജഗിരി പബ്ലിക് സ്‌കൂള്‍ മലയാള വിഭാഗം അധ്യാപകനുമായ പത്തനംതിട്ട സൂര്യഗിരി വീട്ടില്‍ ഗോപു വി. നായര്‍ അര്‍ഹനായി. 

ജോലിയില്‍ പ്രവേശിച്ച സമയത്താണ് ഈ പുരസ്‌കാരം ലഭിച്ച വിവരം അറിയുന്നത്. ഈ വര്‍ഷം ഫെബ്രുവരി 11 നാണ് ഖത്തറില്‍ അധ്യാപകനായി ജോലിയില്‍ പ്രവേശിച്ചത്. നേരത്തെ മാലക്കര അദ്വയാനന്ദ പബ്ലിക് സ്‌കൂളില്‍ കഴിഞ്ഞ ആറു വര്‍ഷം അധ്യാപകനായിരുന്നു.

ഇരുപത് വര്‍ഷമായി ഇദ്ദേഹം നാടന്‍ കലാരൂപമായ പടയണി അഭ്യസിച്ചു അവതരിപ്പിച്ചു വരുന്നു. മുതുമരത്തില്‍ രാഘവന്‍ നായരുടെ ശിഷ്യനായി വളരെ ചെറുപ്പത്തിലേ വേലകളി പടയണി ചുവടുകള്‍ അഭ്യസിക്കുകയും അരങ്ങേറ്റം കുറിക്കുകയും ചെയ്തു.

നെടുവേലില്‍ രാധാകൃഷ്ണന്‍ നായരുടെ ശിഷ്യണത്തില്‍ തപ്പ് മേളവും പടയണി പാട്ടും പഠിച്ചരങ്ങേറി. കേരളത്തിനകത്തും പുറത്തും വിവിധ ഇടങ്ങളില്‍ പടയണി വേലകളി അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

ഒന്‍പത് വര്‍ഷം നാരങ്ങാനം പൈതൃകകലാകളരിയുടെ സെക്രട്ടറിയായും നാല് വര്‍ഷം പത്തനംതിട്ട ജില്ല പടയണി ഏകോപന സമിതിയുടെ സെക്രട്ടറി ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഒട്ടേറെ സ്ഥലങ്ങളില്‍ കളരി സ്ഥാപിച്ച് പടയണി പരിശീലനം നല്‍കി അരങ്ങേറ്റം നടത്തിയിട്ടുണ്ട്.

കേരള സംസ്ഥാന സാംസ്‌കാരിക വകുപ്പ് വജ്രജൂബിലി ഫെല്ലോഷിപ്പ് 2018 ല്‍ ലഭിക്കുകയും ചെയ്തിട്ടുണ്ട്. വേണുഗോപാല്‍ നായരുടെയും ഉഷ കുമാരിയുടെയും മകനാണ്. ഭാര്യ- ശ്രീജ ശ്രീകുമാര്‍, മകന്‍- വൈഗസ്, സഹോദരി- വിനീത.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 

Top