News Desk

2020-05-23 11:28:52 am IST
കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള ആഭ്യന്തര വിമാന സര്‍വീസുകള്‍‌ തിങ്കളാഴ്ച മുതൽ ആരംഭിക്കും. പ്രതിവാരം 113 സര്‍വീസുകളാണ് നെടുമ്പാശ്ശേരിയില്‍ നിന്ന് നടത്തുക. 

കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടുള്ള ആഭ്യന്തര വിമാനയാത്രയ്ക്ക് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അനുമതി നൽകിയതോടെ സുരക്ഷിതമായ യാത്രക്കാവശ്യമുള്ള സജ്ജീകരണങ്ങള്‍ കൊച്ചിവിമാനത്താവളത്തില്‍ പൂര്‍ത്തിയായിട്ടുണ്ട്. വിമാനക്കമ്പനികൾ ഓൺലൈൻ ബുക്കിങ് ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. 

വ്യോമയാന മന്ത്രാലയം മുപ്പത് ശതമാനം സർവീസുകൾ നടത്താനാണ് വിമാനക്കമ്പനികൾക്ക് നിർദേശം നൽകിയിട്ടുള്ളത്. സമ്പൂർണമായി യന്ത്രസംവിധാനങ്ങൾ ഉപയോഗിച്ചുള്ള ചെക്ക്-ഇൻ, സുരക്ഷാ പരിശോധന, തിരിച്ചറിയൽ പ്രക്രിയകളാവും നടക്കുക. മെയ് 25 മുതൽ ജൂൺ 30 വരെ നിശ്ചയിച്ചിട്ടുള്ള ആദ്യഘട്ട സമയപ്പട്ടികയനുസരിച്ച് അഗത്തി, ബാംഗ്ലൂർ, കോഴിക്കോട്, ചെന്നൈ,ഡൽഹി, ഹൈദരാബാദ്, കണ്ണൂർ, മുംബൈ, മൈസൂർ, പൂണെ എന്നീ നഗരങ്ങളിലേയ്ക്കും തിരിച്ചുമാണ് സര്‍വീസുകള്‍ നടത്തുക.

അതേസമയം, കൊച്ചിയിൽ എത്തിച്ചേരുന്ന യാത്രക്കാർ സംസ്ഥാന സർക്കാർ പുറപ്പെടുവിച്ചിട്ടുള്ള ക്വാറന്റൈൻ, കൊവിഡ് ജാഗ്രതാ ആപ് സംബന്ധിച്ചുള്ള നിബന്ധനകൾ പാലിക്കണമെന്നും സിയാല്‍ അറിയിച്ചിട്ടുണ്ട്. 
Top