News Desk

2021-04-03 04:15:52 pm IST
ന്യൂയോര്‍ക്ക്: ജനപ്രീതി നഷ്ടപ്പെട്ട് പടിയിറങ്ങേണ്ടി വന്ന മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ വിടാതെ പിന്തുടരുകയാണ് അമേരിക്കന്‍ ജനത. തെരഞ്ഞെടുപ്പിലൂടെ ജനങ്ങള്‍ തങ്ങളുടെ വിദ്വേഷം പ്രകടിപ്പിക്കുകയും ചെയ്തു. ട്രംപിനൊപ്പം വിശ്വസ്തരായി നിന്നവര്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഓരോന്ന് എണ്ണി എണ്ണിപ്പറഞ്ഞ് പകരം ചോദിക്കാനും തുടങ്ങി. ഇപ്പോള്‍ ഏറ്റവും ഒടുവില്‍ ട്രംപിനെതിരെ പരസ്യമായി രംഗത്തെത്തിയിരിക്കുന്നത് അദ്ദേഹത്തിന്റെ മുന്‍ അംഗരക്ഷകന്‍ കെവിന്‍ മക്‌കെയാണ്.

ട്രംപ് മക്‌ഡൊണാള്‍ഡ് ബര്‍ഗര്‍ കഴിച്ചതിന്റെ 130 ഡോളര്‍ ബാക്കിയാണെന്ന ആരോപണവുമായാണ് കെവിന്‍ രംഗത്തെത്തിയിരിക്കുന്നത്. ദീര്‍ഘനാള്‍ എല്ലാം സഹിച്ച് കൂടെ പ്രവര്‍ത്തിച്ചിരുന്ന കെവിനെ ട്രംപ് 2012 ല്‍ പിരിച്ചുവിട്ടിരുന്നു. ജോലി നഷ്ടമായത് വലിയ പ്രയാസമായി ഇപ്പോഴും തോന്നുന്നില്ലെന്ന് അദ്ദേഹം പറയുന്നു. എന്നാല്‍ ട്രംപ് തന്നില്‍ നിന്നും കടം വാങ്ങിയ പണവുമായി ബന്ധപ്പെട്ടാണ് അദ്ദേഹത്തിന്റെ പരാതി. 

മക്‌ഡൊണാള്‍ഡിന്റെ ബര്‍ഗറുകള്‍ വാങ്ങുന്നതിനായി 130 ഡോളറാണ് തന്റെ അംഗരക്ഷകരില്‍ നിന്നും അദ്ദേഹം കടം വാങ്ങിയത്. 2008 ല്‍ സ്‌കോട്‌ലാന്റിലായിരിക്കെ യു.കെ കറന്‍സി കൈയിലില്ലാത്ത ട്രംപ് ഇവ വാങ്ങിനല്‍കാന്‍ അംഗരക്ഷകനായ കെവിനോട് ആവശ്യപ്പെടുകയായിരുന്നു. അദ്ദേഹത്തിന് മാത്രമല്ല, കൂടെയുണ്ടായിരുന്ന എല്ലാവര്‍ക്കു വേണ്ടിയും വാങ്ങേണ്ടിവന്നു. 

വര്‍ഷങ്ങളേറെ കഴിഞ്ഞെങ്കിലും ഇതുവരെയും പണം തിരിച്ചുകിട്ടിയില്ല. ആ പണത്തിനായി ഇപ്പോഴും കാത്തിരിപ്പ് തുടരുകയാണെന്ന് കെവിന്‍ പറയുന്നു. ട്രംപ് വാക്ക് പാലിക്കാത്തവനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പണം മാത്രമല്ല, അടിയും സഹിച്ചായിരുന്നു പലപ്പോഴും ട്രംപിനൊപ്പം പ്രവര്‍ത്തിച്ചിരുന്നതെന്നും ബ്രിട്ടീഷ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ കെവിന്‍  പറഞ്ഞു.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top