News Desk

2021-02-21 06:26:42 pm IST

ചെന്നൈ: തമിഴ്‌നാട്ടില്‍ ടൈഫോയ്ഡ് ബാധിച്ച 19-കാരിക്ക് ചികിത്സ ലഭിക്കാതെ ദാരുണാന്ത്യം. ഉച്ചിപുളി പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍വെച്ച് ബുധനാഴ്ചയാണ് 19-കാരി തരണി മരിച്ചത്. തരണിയുടെ കഴുത്തിലും പുറത്തും പരിക്കേറ്റിരുന്നതായി പൊലീസ് പറഞ്ഞു.

തരണിയുടെ പിതാവ് വീര സെല്‍വം അന്ധവിശ്വസിയായിരുന്നു. സുഖമില്ലാതായ മകള്‍ക്ക് പ്രേതബാധ കൂടിയതാണെന്നായിരുന്നു വീര സെല്‍വത്തിന്റെ വിശ്വാസം. ഒമ്പതുവര്‍ഷം മുമ്പ് തരണിയുടെ മാതാവ് മരിച്ചിരുന്നു. 

അമ്മയുടെ ശവകുടീരം സ്ഥിരമായി സന്ദര്‍ശിക്കാറുണ്ടായിരുന്ന മകളുടെ ശരീരത്തില്‍ ഭാര്യയുടെ പ്രേതം പ്രവേശിച്ചതോടെയാണ് അസുഖം ബാധിച്ചതെന്നായിരുന്നു വീര സെല്‍വത്തിന്റെ വാദം. അതിനാല്‍ തരണിയെ ആശുപത്രിയിലെത്തിക്കാതെ ദുര്‍മന്ത്രവാദിയുടെ അടുത്തെത്തിക്കുകയായിരുന്നു.

തരണിയെ മന്ത്രവാദി ദേഹോപദ്രവം ഏല്‍പ്പിക്കുകയും പുക ശ്വസിപ്പിക്കുകയും ചെയ്തു. ഇതോടെ ബോധം കെട്ടുവീണ തരണിയെ സമീപത്തെ ആശുപത്രിയിലെത്തിച്ചു. ഇവിടെ നടത്തിയ പരിശോധനയില്‍ ടൈഫോയ്ഡ് ആണെന്ന് സ്ഥിരീകരിച്ചത്.

ആശുപത്രിയില്‍ ചികിത്സ നല്‍കാതെ വീരസെല്‍വം തരണിയെ മറ്റൊരു ദുര്‍മന്ത്രവാദിയുടെ അടുത്തെത്തിക്കുകയായിരുന്നു. തുടര്‍ന്ന് ആരോഗ്യനില വഷളായതോടെ പെണ്‍കുട്ടി മരിക്കുകയാണുണ്ടായത്. 

വീരസെല്‍വത്തെയും ദുര്‍മന്ത്രവാദികളെയും കുടുംബാംഗങ്ങളെയും പൊലീസ് ചോദ്യം ചെയ്തു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം അസ്വാഭാവിക മരണത്തിന് കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top