News Desk

2021-04-14 07:28:56 pm IST

ദുബൈ: 2023 മുതല്‍ ദുബൈയില്‍ ഡ്രൈവറില്ലാത്ത ടാക്സികളില്‍ യാത്ര ചെയ്യാം. ഇതു സംബന്ധിച്ചുള്ള സുപ്രധാന കരാറില്‍ യു.എസ് കമ്പനിയായ ക്രൂസും ആര്‍.ടി.എയും ഒപ്പുവെച്ചു. ഡ്രൈവര്‍മാരുടെ പിഴവ് മൂലം ഉണ്ടാകുന്ന അപകടങ്ങളില്‍ 90 ശതമാനവും സ്വയം നിയന്ത്രിത വാഹനങ്ങളില്‍ യാത്ര ചെയ്യുന്നതിലൂടെ ഒഴിവാക്കാനാകുമെന്നാണ് കരുതുന്നത്.

അമേരിക്കയ്ക്ക് പുറത്ത് ക്രൂസ് സ്വയം നിയന്ത്രിത വാഹനങ്ങള്‍ സര്‍വീസ് നടത്തുന്ന ആദ്യ നഗരമാകും ദുബൈ. ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ സാന്നിധ്യത്തില്‍ ക്രൂസ് ലീഗല്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജെഫ് പെലെഷ്, ആര്‍.ടി.എ ചെയര്‍മാന്‍ മത്തര്‍ അല്‍ തായര്‍ എന്നിവരാണ് ഒപ്പുവെച്ചത്.

ഡ്രൈവറില്ലാ വാഹനങ്ങളിലൂടെ ഗതാഗതമേഖലയില്‍ വിപ്ലവത്തിന് വഴിയൊരുങ്ങുമെന്ന് മത്തര്‍ അല്‍ തായര്‍ പറഞ്ഞു. വിവിധ രാജ്യാന്തര കമ്പനികളുമായി സഹകരിച്ച് ദുബൈയില്‍ ഓട്ടോണമസ് വാഹനങ്ങള്‍ പരീക്ഷണ ഓട്ടം നടത്തുന്നുണ്ട്.

പരിസ്ഥിതി സൗഹൃദ വാഹനങ്ങളായ ഇവ സുഖവും സുരക്ഷിതവുമായ യാത്ര പ്രദാനം ചെയ്യുന്നു. ഇതിലൂടെ ഗതാഗത മേഖലയിലെ ചെലവ് കുറയ്ക്കാനാകും. പ്രതിവര്‍ഷം 150 കോടി ദിര്‍ഹം ലാഭിക്കാനാകുമെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top