News Desk

2021-02-15 05:56:17 pm IST
ദുബൈ: കൊവിഡ് കാലത്ത് വിദേശ രാജ്യങ്ങളിലേക്കുള്ള യാത്രാ നിയന്ത്രണം പ്രയോജനപ്പെടുത്താന്‍ പുതിയ പാക്കേജുകളുമായി ദുബൈയിലെ ഹോട്ടലുകള്‍. ആകര്‍ഷകമായ നിരക്കുകളില്‍ ദീര്‍ഘകാല താമസമാണ് വാഗ്ദാനം ചെയ്യുന്നത്.

വിദേശ രാജ്യത്തെ വിനോദ സഞ്ചാരികള്‍ക്ക് വിസയില്‍ ഇളവ് ദുബൈ ടൂറിസം വകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. മിക്ക രാജ്യങ്ങളിലും 'വര്‍ക് ഫ്രം ഹോം' ആയതിനാല്‍ ജോലി  ദുബൈയില്‍ നിന്നുമാകാം എന്നതാണ് ടൂറിസം നല്‍കുന്ന സന്ദേശം.

വിസയും താമസവും വാഗ്ദാനം ചെയ്യുന്ന ഹ്രസ്വവും ദീര്‍ഘവുമായ താമസ പാക്കേജുകളാണ് ഇതില്‍ ഉള്‍പ്പെടുന്നത്. രാജ്യത്തിന് പുറത്തുനിന്നെത്തുന്നവര്‍ക്കു പുറമേ പ്രാദേശിക സഞ്ചാരികളെയും ലക്ഷ്യമിട്ടാണ് ഹോട്ടല്‍ താമസ പാക്കേജുകള്‍ പുതുക്കി നിശ്ചയിച്ചത്. 

കൊവിഡ് പ്രതിസന്ധി അവസാനിക്കാത്തതിനാല്‍ 'വര്‍ക് ഫ്രം ഹോം' മടുത്തവരും കുറഞ്ഞ ദിവസം മാറിത്താമസം ആഗ്രഹിക്കുന്നവരും നിരവധിയാണ്. വിവിധ എമിറേറ്റുകളില്‍ നിന്നുള്ള ഇവരെയും ഉന്നം വച്ചാണു നിരക്കുകള്‍ പരിഷ്‌ക്കരിച്ചത്.

ഭക്ഷണത്തിലും അനുബന്ധ സേവനങ്ങളിലും ഇളവുകളും ഹോട്ടലുകള്‍ നല്‍കുന്നുണ്ട്. യു.എ.ഇക്ക് പുറമേ ഇന്ത്യയിലും ഇതര ഏഷ്യന്‍, ആഫ്രിക്കന്‍ രാജ്യങ്ങളിലും ശൃംഖലകളുള്ള പ്രമുഖ ഹോട്ടല്‍ ഗ്രൂപ്പുകളെല്ലാം ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 

യാത്രാവിലക്കും നിയന്ത്രണങ്ങളും നിലനില്‍ക്കുന്നതിനാല്‍ സ്വദേശികളും വിദേശികളുമായ യു.എ.ഇയിലെ താമസക്കാര്‍ അവധിക്കാലം ചെലവഴിക്കുന്നത് ദുബൈയിലെ ഹോട്ടലുകളില്‍ താമസിച്ചാണ്.

ഹോട്ടലുകള്‍ നിറയുന്ന പുതിയ താമസ, സേവന ഓഫറുകള്‍ക്ക് വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്. പല ഹോട്ടലുകളുടെയും 80 ശതമാനം മുറികളിലും താമസക്കാരായി. 

കൊവിഡിന്റെ പ്രാഥമിക ഘട്ടത്തില്‍ ഹോട്ടലുകളിലെ മുറികള്‍ 70 ശതമാനം ആളനക്കമില്ലാതെ കിടന്നിരുന്നു. നവംബറില്‍ തുറന്ന ഒരു ഹോട്ടല്‍ പ്രതിമാസ താമസത്തിന് 7000 ദിര്‍ഹമാണു നിരക്ക് പ്രഖ്യാപിച്ചത്. 

ഭക്ഷണത്തിനും  അനുബന്ധ സേവനങ്ങള്‍ക്കും മറ്റു നിരക്കുകള്‍ ഇല്ല. താമസ കാലം നീളുന്നതിനു അനുക്രമമായി ഇളവുകളും കൂടും. ഒരു മാസം മുതല്‍ ഒരു വര്‍ഷം വരെയുള്ള താമസ കാലയളവിന് അനുസരിച്ചാണ് നിരക്കുകളില്‍ ഇളവ് ലഭിക്കുക. 

ഭക്ഷണത്തിന് 25 ശതമാനം തുക കുറച്ചു നല്‍കുന്ന ഹോട്ടലുകളുമുണ്ട്. രാജ്യാന്തര കമ്പനികളുമായി സഹകരിച്ച് അണുനശീകരണം നടത്തിയാണ് രാജ്യാന്തര, ആഭ്യന്തര വിരുന്നുകാര്‍ക്ക് ഹോട്ടലുകളും അപ്പാര്‍ട്ട്‌മെന്റുകളും സുരക്ഷിത താമസമൊരുക്കുന്നത്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH
Top