2021-03-23 11:04:07 am IST
ദുബൈ: കാലവസ്ഥാ നിരീക്ഷണത്തിനുളള ദുബൈയുടെ ആദ്യ പരിസ്ഥിതി നാനോ ഉപഗ്രഹം ഡിഎം സാറ്റ്-1 വിക്ഷേപണ കേന്ദ്രത്തില്‍ നിന്നും വിജയകരമായി വിക്ഷേപിച്ചു. തിങ്കളാഴ്ച രാവിലെ 10.7 ന് കസാക്കിസ്ഥാനിലെ ബൈക്കോനൂര്‍ കോസ്‌മോഡ്രോമില്‍ നിന്നാണ് വിക്ഷേപിച്ചത്. വൈകിട്ട് 4.42 ന് ഡിഎം സാറ്റ്-1  നിന്ന് സിഗ്നലുകളും ലഭിച്ചു തുടങ്ങി. 

ഈ ആഴ്ച രണ്ടു തവണ വിക്ഷേപണം മാറ്റിയ ശേഷമാണ് റഷ്യന്‍ നിര്‍മ്മിതമായ സോയൂസ് 2.1 റോക്കറ്റ് മുഖേന വിക്ഷേപിക്കാനായത്.സാങ്കേതിക പിഴവുകളും ചെറിയ പിഴവുകളും കാരണമായിരുന്നു വിക്ഷേപണം മാറ്റി വെച്ചത്. 30 എമിറാത്തി എന്‍ജിനീയര്‍മാര്‍ ഉള്‍പ്പെട്ട സംഘമാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചത്. 15 കിലോ മാത്രമുളള ഡിഎം സാറ്റ്-1 മൂന്ന് ഉപകരണങ്ങള്‍ ഉപയോഗിക്കുന്ന മേഖലയിലെ ആദ്യ കാലാവസ്ഥ നിരീക്ഷണ ഉപകരണമാണ്.

പരിസ്ഥിതി ഗവേഷണ മേഖലകളില്‍ പുതിയ ഗവേഷണവും സാങ്കേതിക ശേഷിയും വളര്‍ത്തിയെടുക്കാനുളള പുതിയ അവസരമാണ് ഡിഎം സാറ്റ്-1 സാറ്റലൈറ്റ് വിക്ഷേപണ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. നഗരാസൂത്രണം, ശാസ്ത്രീയമായ ഭൂവിനിയോഗം എന്നിവയ്ക്കും ഉപഗ്രഹം സഹായിക്കും. ദുബൈയ്ക്കു ചുറ്റുമുളള അന്തരീക്ഷ വിവരങ്ങള്‍ കൃത്യമായി കണ്ടെത്തി ഡിഎം സാറ്റ്-1 ഭൂമിയിലെ ഗവേഷണ കേന്ദ്രത്തില്‍ എത്തിച്ചുകൊണ്ടിരിക്കും.

Top