News Desk

2021-05-31 09:54:21 pm IST
ദുബൈ: നയിഫില്‍ സുഹൃത്തിനെ കുത്തിവീഴ്ത്തി കത്തിയുമായി ഭീഷണി മുഴക്കിയ അറബ് വംശജനെ ദുബൈ പൊലിസ് കീഴടക്കി. വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 2 മണിയോടെ ഫ്രിജ് മുറാര്‍ ഏരിയയില്‍ പട്രോളിങ്ങ് നടത്തുന്നതിനിടെ ഒരു കടയ്്ക്ക് മുന്നിലെ ആള്‍ക്കൂട്ടത്തെ കണ്ടതിനെ തുടര്‍ന്ന് കാര്യ തിരക്കിയപ്പോഴാണ് സംഭവം അറിയുന്നത്.  ആള്‍ക്കൂട്ടത്തിന് നടുവില്‍ ചോരയൊലിക്കുന്ന രണ്ട് കത്തികള്‍ കൈയില്‍ പിടിച്ച് അറബ് വംശജന്‍ ഭീഷണി ഉയര്‍ത്തുകയായിരുന്നു. 

സുഹൃത്തിനെ കുത്തിവീഴ്ത്തിയ ശേഷം ആരെങ്കിലും അടുത്തു വന്നാല്‍ ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു കുറ്റവാളി. ഇതേ തുടര്‍ന്ന്  ഉദ്യോഗസ്ഥര്‍ ഇരുവശത്തു നിന്നുമായി കുതിച്ചെത്തി പ്രതിയെ കീഴപ്പെടുത്തുകയായിരുന്നു. കത്തിപിടിച്ച് വാങ്ങിയ ശേഷം കൈകള്‍ ബന്ധിച്ചു.

അക്രമിയും സുഹൃത്തും കൂടി ഒരുമിച്ചാണ് കടയിലേക്ക് കയറിയതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. എന്നാല്‍ സുഹൃത്ത് പുറത്തേക്കിറങ്ങാന്‍ ശ്രമിക്കവെ ഇയാള്‍ പിറകില്‍ നിന്ന് പല തവണ കുത്തുകയായിരുന്നു. ചോര ചീറ്റിയൊഴുകുന്ന നിലയില്‍ സുഹൃത്ത് തറയിലേക്ക് വീണു. ഇത് കണ്ട് ആളുകള്‍ ഓടിക്കൂടിയതോടെ കത്തി കാട്ടി ഭീഷണി മുഴുക്കുകയായിരുന്നു.

സംഭവസ്ഥലത്തെത്തിയ എമര്‍ജന്‍സി വിഭാഗം പ്രഥമ ശുശ്രൂഷ നല്‍കിയെങ്കിലും കുത്തേറ്റയാളെ രക്ഷിക്കാനായില്ല. പ്രതിയെ നിയമ നടപടികള്‍ക്കായി പ്രോസിക്യൂഷന്‍ കൈമാറുകയും ചെയ്തു. കൃത്യമായ രീതിയില്‍ ഇടപെട്ട് ജനങ്ങളെ സുരക്ഷിതരാക്കിയ കോര്‍പറല്‍ അബ്ദുല്ല അല്‍ ഹുസൈനി, പൊലിസ് ഓഫീസര്‍ അബ്ദുല്ല നൂര്‍ അല്‍ ദീന്‍ എന്നിവരെ ദുബൈ പൊലിസ് കമാന്‍ഡര്‍ അഭിനന്ദിച്ചു.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top