News Desk

2021-04-07 06:03:31 pm IST
ദുബൈ: ദുബൈയില്‍ കനത്ത മൂടല്‍മഞ്ഞില്‍ 28 വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം. ഇന്നു രാവിലെയാണ് ദുബൈ എമിറേറ്റ്‌സ് റോഡില്‍ വന്‍ അപകടം ഉണ്ടായത്. അപകടത്തില്‍ ഒരു യുവതിക്കു പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്. സ്ഥലത്ത് മണിക്കൂറുകളോളം വന്‍ ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു.

പുലര്‍ച്ചെയായിരുന്നു അബുദാബി ഭാഗത്തേയ്ക്കുള്ള റോഡില്‍ അല്‍ റുവൈയയ്ക്ക് ശേഷം അപകടമുണ്ടായത്. റോഡില്‍ കനത്ത മൂടല്‍മഞ്ഞ് അനുഭവപ്പെട്ടതിനെ തുടര്‍ന്നായിരുന്നു വാഹനങ്ങളുടെ കൂട്ടയിടി ഉണ്ടായതെന്നു ട്രാഫിക് പൊലീസ് ജനറല്‍ വിഭാഗം ഡയറക്ടര്‍ ബ്രി.സെയിഫ് മുഹൈര്‍ അല്‍ മസ്‌റൂയി പറഞ്ഞു. 

അതേസമയം, പരിക്കേറ്റ യുവതിയെക്കുറിച്ചുള്ള കൂടുതല്‍ വിവരം പുറത്തുവിട്ടിട്ടില്ല. മൂടല്‍മഞ്ഞുള്ള സമയങ്ങളില്‍ റോഡുപയോക്താക്കള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് അല്‍ മസ്‌റൂയി നിര്‍ദേശിച്ചു.

മതിയായ അകലം പാലിക്കുകയും വേഗം നിയന്ത്രിക്കുകയും ചെയ്യണം. കൂടാതെ, ലൈനുകള്‍ മാറുമ്പോള്‍ ഇന്‍ഡിക്കേറ്റര്‍ പ്രവര്‍ത്തിപ്പിക്കണമെന്നും നിര്‍ദേശിച്ചു. പോകാനുള്ള വഴികള്‍ സൂക്ഷ്മമായി പരിശോധിച്ച് ആസൂത്രണം ചെയ്ത് മാത്രമേ യാത്ര പുറപ്പെടാന്‍ പാടുള്ളൂ. അടിയന്തരമല്ലെങ്കില്‍ മൂടല്‍മഞ്ഞ് നീങ്ങിയ ശേഷമേ യാത്ര ചെയ്യാവൂ.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top