News Desk

2021-04-19 04:57:45 pm IST
ലണ്ടന്‍: സീമെന്‍ വിസയില്‍ യു.കെയില്‍ എത്തിയ മലയാളിക്കു ലണ്ടനിലെ തെരുവില്‍ ക്രൂരമായ ആക്രമണം. ഏജന്റിന്റെ വിസ തട്ടിപ്പില്‍പെട്ട യുവാവിനാണ് ആക്രമണമുണ്ടായത്. വിഴിഞ്ഞം സ്വദേശിയായ ജോഷി ജോണിനാണ് (26, പേര് മാറ്റിയിട്ടുണ്ട്) മര്‍ദനമേറ്റത്. ലണ്ടനിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവാവ്, ഇന്ത്യന്‍ ഹൈകമ്മിഷന്റെയും യു.കെയിലെ മലയാളി അസോസിയേഷനുകളുടെയും സഹായത്തോടെ നാട്ടില്‍ മടങ്ങിയെത്താനുള്ള ശ്രമത്തിലാണ്.

തലയ്‌ക്കേറ്റ പ്രഹരം കാരണം രക്തം കട്ട പിടിക്കുന്ന അവസ്ഥയും ഓര്‍മക്കുറവും അനുഭവപ്പെടുന്നതായാണു റിപ്പോര്‍ട്ട്. വംശീയ ആക്രമണമാണു ജോഷിക്കു നേരെയുണ്ടായത്. അധികൃതര്‍ ഇതേപ്പറ്റി അന്വേഷിക്കുന്നുണ്ട്. ബ്രിട്ടിഷ് കേരളൈറ്റ്‌സ് അസോസിയേഷന്‍ ആന്‍ഡ് യൂണിയന്‍ ഓഫ് യു.കെ മലയാളി അസോസിയേഷന്‍ (യുയുകെഎംഎ) സംഭവം ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷനെയും യു.കെ അധികൃതരെയും അറിയിച്ചിട്ടുണ്ട്. തട്ടിപ്പിനും മര്‍ദനത്തിനും ഇരയായ യുവാവിന് പരമാവധി സഹായം ലഭ്യമാക്കാനും എത്രയും നേരത്തേ അദ്ദേഹത്തെ ഇന്ത്യയിലേക്കു തിരിച്ചയക്കാനും ശ്രമിക്കുകയാണെന്ന് യു.യു.കെ.എം.എ നാഷനല്‍ പ്രസിഡന്റ് മനോജ് പിള്ള പറഞ്ഞു.

തെരുവില്‍ അബോധാവസ്ഥയില്‍ ചില വഴിയാത്രക്കാരാണു ജോണിനെ കണ്ടതെന്നും ഈലിങ് ആശുപത്രിയിലാണ് ഇപ്പോള്‍ ചികിത്സയിലുള്ളതെന്നും വിഷയവുമായി അടുപ്പമുള്ളവര്‍ പറയുന്നു. ബസില്‍ യാത്ര ചെയ്യുമ്പോള്‍ സഹയാത്രക്കാരില്‍ ചിലര്‍ ഇയാളോടു പണം ചോദിച്ചെങ്കിലും കൊടുത്തില്ല. ബസിറങ്ങി തെരുവിലൂടെ നടക്കുമ്പോള്‍ പിന്തുടര്‍ന്ന സംഘം പിന്നിലൂടെ ആക്രമിക്കുകയായിരുന്നു. 

നേരത്തെ ക്രൂസ് കപ്പലുകളില്‍ ജോലി ചെയ്തിരുന്ന ജോണ്‍ തിരുവനന്തപുരത്തെ ഏജന്‍സി വഴി മാര്‍ച്ച് 23നാണ് ലണ്ടനിലെത്തിയത്. ജോണിന്റെ വിസ അസാധുവാണെന്നു വിമാനത്താവളത്തില്‍ അധികൃതര്‍ കണ്ടെത്തി. രാജ്യത്ത് അഭയം കിട്ടണമെങ്കില്‍ ചില രേഖകളില്‍ ഒപ്പിടണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. ഏജന്റുമായി ബന്ധപ്പെടാന്‍ സാധിക്കാതിരുന്ന ജോണ്‍ ലണ്ടനിലെ ഇന്ത്യന്‍ കുടുംബങ്ങളുടെ സഹായത്തിലാണു കഴിഞ്ഞിരുന്നത്. സീമെന്‍ വിസ അഥവാ മീന്‍പിടിത്ത തൊഴിലാളി വിസ എന്ന പേരിലുള്ള തട്ടിപ്പിലൂടെ ലക്ഷങ്ങളാണു മലയാളികളില്‍നിന്ന് ഏജന്‍സികള്‍ തട്ടിക്കുന്നതെന്നു യു.കെ മലയാളികള്‍ ചൂണ്ടിക്കാട്ടുന്നു.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top