News Desk

2021-03-04 09:19:32 pm IST
റിയാദ്: വടക്കന്‍ സൗദിയിലെ ചില മേഖലകളില്‍ പൊടിക്കാറ്റും തണുപ്പും ശക്തമാകുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. വ്യാഴം മുതല്‍ ശനി വരെ പൊടിക്കാറ്റിനും തണുപ്പ് കൂടാനുമുള്ള സൂചനയുള്ളതായും അധികൃതര്‍ അറിയിച്ചു.

രാജ്യത്തിന്റെ വടക്ക്, മധ്യ, കിഴക്കന്‍ പ്രദേശങ്ങളിലെ മിക്ക ഭാഗങ്ങളിലും കാലാവസ്ഥ മാറ്റം അനുഭവപ്പെടും. വടക്കന്‍ സൗദിയിലെ അല്‍ ജൗഫ്, ഹാഇല്‍, അല്‍ ഖസീം, റിയാദ് തുടങ്ങിയ പ്രദേശങ്ങളിലെ പ്രദേശവാസികള്‍ ജാഗ്രത പാലിക്കണമെന്നും സിവില്‍ ഡിഫന്‍സ് മുന്നറിയിപ്പ് നല്‍കി.

കാറ്റിന്റെ വേഗം മണിക്കൂറില്‍ 15 മുതല്‍ 60 വരെ കിലോമീറ്റര്‍ ആയിരിക്കുമെന്നും മുന്നറിയിപ്പുണ്ട്. പൊടിക്കാറ്റ് വീശുമ്പോള്‍ കാഴ്ചയുടെ ദൂരപരിധി വളരെ കുറവാകുന്നതിനാല്‍ വാഹനങ്ങള്‍ ഓടിക്കുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. റോഡുകളില്‍ വാഹനം ഓടിക്കുന്നവര്‍ കൃത്യമായ അകലം പാലിക്കണം.

വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതും ഫോട്ടോ എടുക്കുന്നതും വീഡിയോ പകര്‍ത്തുന്നതും നിരോധിച്ചിട്ടുണ്ട്. പൊടിക്കാറ്റും മഴയും ഉണ്ടാകുമ്പോള്‍ ഓരോ പ്രദേശത്തും പാലിക്കേണ്ടുന്ന സുരക്ഷാ മുന്‍കരുതലുകളെക്കുറിച്ച് സൗദി സിവില്‍ ഡിഫന്‍സ് പൊതുജനങ്ങള്‍ക്ക് നല്‍കുന്ന മുന്നറിയിപ്പുകള്‍ പൂര്‍ണമായും പാലിക്കണം.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top