News Desk

2021-03-04 02:49:50 pm IST

കൊച്ചി: ഇ. ശ്രീധരനെ ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനാണ് പ്രഖ്യാപനം നടത്തിയത്. വിജയയാത്രയ്ക്ക് തിരുവല്ലയില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു സുരേന്ദ്രന്‍. 

കേരളത്തിന്റെ വികസനമുരടിപ്പിന് അറുതിവരുത്താനും അഴിമതിയില്ലാത്ത വികസന മാതൃക സംസ്ഥാനിന് വേണമെന്നുള്ളത് കൊണ്ടുമാണ് ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി കൊണ്ടുവരുന്നതെന്ന് സുരേന്ദ്രന്‍ പറഞ്ഞു. 

കൊച്ചി മെട്രോയും പാലാരിവട്ടം പാലവുമെല്ലാം ശ്രീധരന്റെ നേട്ടമാണ്. മെട്രോമാന്‍ മുഖ്യമന്ത്രിയായാല്‍ കേരളത്തിന്റെ മുഖച്ഛായ മാറ്റാന്‍ സാധിക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

'ഒരവസരം മെട്രോമാന് ലഭിച്ചാല്‍ നരേന്ദ്ര മോദിയുടെ വികസനപ്രവര്‍ത്തനങ്ങള്‍ പതിന്മടങ്ങ് നടപ്പാക്കാന്‍ കഴിയുമെന്ന് ഞങ്ങള്‍ക്ക് പൂര്‍ണ്ണമായി വിശ്വസിക്കുന്നുണ്ട്. ക്രൈസ്തവരും ഹൈന്ദവരും യോജിച്ചില്ലെങ്കില്‍ കൂട്ടപാലായനമായിരിക്കും ഫലം. തൊടുപുഴയില്‍ അധ്യാപകന്റെ കൈവെട്ടിയപ്പോള്‍ പ്രതികരിക്കാതിരുന്ന ഇടതു-വലത് മുന്നണികള്‍ ലൗജിഹാദിനെതിരെയും മിണ്ടുന്നില്ല. ശബരിമല വിഷയത്തില്‍ ഹിന്ദുക്കളെ പറ്റിച്ച പോലെ ക്രൈസ്തവരെയും വഞ്ചിക്കുകയാണ് കോണ്‍ഗ്രസും സി.പി.എമ്മും.', സുരേന്ദ്രന്‍ പറഞ്ഞു.

ബി.ജെ.പി കേരളത്തില്‍ അധികാരത്തിലെത്തുമെന്ന് ഇ. ശ്രീധരന്‍ നേരത്തെ പറഞ്ഞിരുന്നു. നാമനിര്‍ദേശപത്രിക സമര്‍പ്പിക്കും മുന്‍പ് ഡി.എം.ആര്‍.സിയില്‍നിന്ന് രാജിവയ്ക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. 

''എവിടെ മത്സരിക്കണമെന്ന് തീരുമാനിച്ചിട്ടില്ല. താമസിക്കുന്ന പൊന്നാനിക്ക് അടുത്ത് സീറ്റ് ലഭിച്ചാല്‍ കൂടുതല്‍ എളുപ്പമാകും. രാഷ്ട്രീയക്കാരനായല്ല, ടെക്‌നോക്രാറ്റെന്ന നിലയിലായിരിക്കും പ്രവര്‍ത്തനം നടത്തുക. വീടുകള്‍ കയറിയുള്ള പ്രചാരണമായിരിക്കില്ല, പകരം ഡിജിറ്റല്‍ യുഗത്തില്‍ ഡിജിറ്റല്‍ സന്ദേശങ്ങളായടക്കം ജനങ്ങളെ സമീപിക്കും. ശരീരത്തിന്റെ പ്രായമല്ല, മനസിന്റെ പ്രായമാണ് പ്രധാനം,'' ശ്രീധരന്‍ പറഞ്ഞു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top