News Desk

2021-05-27 01:02:18 pm IST
ദോഹ: ഖത്തറില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നത് കൊവിഡ് നിയമങ്ങള്‍ പാലിക്കുന്നതില്‍ അലസത കാണിക്കാനല്ലെന്ന് കൊവിഡ്-19 സംബന്ധിച്ച ദേശീയ സ്ട്രാറ്റജിക് ഗ്രൂപ്പ് ചെയര്‍മാനും എച്ച്.എം.സിയിലെ പകര്‍ച്ചവ്യാധി വിഭാഗം മേധാവിയുമായ ഡോ. അബ്ദുല്ലത്തിഫ് അല്‍ ഖാല്‍.

കൊവിഡ് നിയന്ത്രങ്ങള്‍ ഘട്ടം ഘട്ടമായി നീക്കാന്‍ തീരുമാനിച്ചത് രാജ്യത്ത് കൊവിഡ് കേസുകള്‍ കുറഞ്ഞു വരുന്നത് കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. 'പെരുന്നാള്‍ അവധി ദിനങ്ങളില്‍ രാജ്യത്തെ കൊവിഡ് കേസുകള്‍ ഉയര്‍ന്നേക്കാമെന്ന് ഭയപ്പെട്ടെങ്കിലും ആസൂത്രിതമായ പ്രതിരോധവും വാക്‌സിനേഷനും ജനങ്ങളുടെ ജാഗ്രതയും കൊണ്ട് കൊവിഡ് കേസുകള്‍ വര്‍ധിച്ചില്ല. വരുന്ന ദിവസങ്ങളില്‍ കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കുമെങ്കിലും ആരും പ്രതിരോധ, മുന്‍കരുതല്‍ നടപടികള്‍ പാലിക്കുന്നതില്‍ വീഴ്ചവരുത്തരുത്. കാരണം വൈറസ് ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും പല രാജ്യങ്ങളിലും ഇത് വ്യാപിക്കുന്നുണ്ടെന്നും' അദ്ദേഹം ഖത്തര്‍ ടിവിയോട് പറഞ്ഞു. 

'പ്രതിരോധ കുത്തിവെയ്പ്പും മുന്‍കരുതല്‍ നടപടികളും പരസ്പര പൂരകങ്ങളാണ്. രോഗം പടരുന്നത് തടയുന്നതിനുള്ള നടപടികള്‍ ആളുകള്‍ തുടര്‍ന്നും പിന്തുടരണം. പ്രത്യേകിച്ചും ഇതുവരെ വാക്‌സിന്‍ ലഭിക്കാത്തവര്‍. കൂടുതല്‍ ആളുകള്‍ക്ക് വാക്‌സിന്‍ ലഭിക്കുന്നതിനനുസരിച്ച് കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കും.'', ഡോ. അല്‍ ഖാല്‍ പറഞ്ഞു.

ഖത്തറിലെ അര്‍ഹരായ 60% ആളുകള്‍ക്ക് കുറഞ്ഞത് ഒരു ഡോസ് വാക്‌സിന്‍ ലഭിച്ചിട്ടുണ്ടെന്നും ഒരു ദശലക്ഷത്തിലധികം ആളുകള്‍ക്ക് രണ്ട് ഡോസുകളും ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു. പുതിയ വൈറസ് വകഭേദങ്ങള്‍ക്കെതിരെയും ഖത്തറില്‍ നല്‍കുന്ന വാക്‌സിനുകള്‍ സുരക്ഷിതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top