News Desk

2021-02-02 11:29:34 pm IST

കെയ്‌റോ: ഈജിപ്ത് തടങ്കലിലാക്കിയ മാധ്യമ പ്രവര്‍ത്തക സൊലഫ മാഗ്ദി ലൈംഗികാക്രമണങ്ങള്‍ക്ക് ഇരയാകുന്നുണ്ടെന്ന് അഭിഭാഷകന്‍. സൊലഫ ആവര്‍ത്തിച്ച് ശാരീരികമായും ലൈംഗികമായും ആക്രമിക്കപ്പെടുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകന്‍ ഈജിപ്ഷ്യന്‍ അറ്റോര്‍ണി ജനറലിന് പരാതി നല്‍കി. 

ലൈംഗികാക്രമണത്തെ തുടര്‍ന്ന് സൊലഫയ്ക്ക് അമിത രക്തസ്രാവമുണ്ടാവുകയും വസ്ത്രങ്ങള്‍ ഊരിമാറ്റി തറയിലൂടെ വലിച്ചിഴക്കുകയും ചെയ്തുവെന്ന് പരാതിയിലുണ്ട്. 

കെയ്റോയിലെ ഡോക്കി പരിസരത്തുള്ള ഒരു കഫേയില്‍ നിന്ന് 2019 നവംബറിലാണ് സൊലഫയെ അറസ്റ്റു ചെയ്യുന്നത്. ഭര്‍ത്താവും ഫോട്ടോ ജേണലിസ്റ്റുമായ ഹൊസം അല്‍ സയ്യദ്, സുഹൃത്തും മാധ്യമപ്രവര്‍ത്തകനുമായ മുഹമ്മദ് സലാ എന്നിവരെയും കൂടെ അറസ്റ്റു ചെയ്തിരുന്നു.

മാധ്യമപ്രവര്‍ത്തകനായിരുന്ന രാഷ്ട്രീയ തടവുകാരനായ ഇസ്രാ അബ്ദുല്‍ഫത്തയുടെ കൂട്ടുകാരാണിവര്‍. അബ്ദുല്‍ഫത്തയുടെ സഹപ്രവര്‍ത്തകരെയും സുഹൃത്തുക്കളേയും സര്‍ക്കാര്‍ നോട്ടമിട്ടിരുന്നു. 

പ്ലേറ്റ്ലെറ്റുകളുടെ എണ്ണം കൂടുതലുള്ള അസുഖബാധിതായായ സൊലഫ കസ്റ്റഡിയില്‍ ഇരിക്കെ തന്നെ പീഡിപ്പിക്കപ്പെട്ടിരുന്നു. രാഷ്ട്രീയ തടവുകാരെ പാര്‍പ്പിച്ചിരിക്കുന്ന അല്‍-ക്വാനറ്റര്‍ വനിതാ ജയിലിലാണ് സൊലഫയെ പാര്‍പ്പിച്ചിരിക്കുന്നത്. അടുത്തിടെ ഇവിടെ സുരക്ഷാ സേന ആക്രമണം നടത്തിയിരുന്നു. 

സിസി ഭരണകൂടത്തിന്റെ അഴിമതിക്കെതിരെ 2019 സെപ്റ്റംബറില്‍ നടന്ന ശക്തമായ പ്രതിഷേധത്തെ തുടര്‍ന്നായിരുന്നു ഇവരുടെ അറസ്റ്റ്. സൊലഫ-ഹൊസം അല്‍ സയ്യദു ദമ്പതികള്‍ക്ക് ഏഴുവയസ്സുള്ള മകനുണ്ട്. ഒരുവര്‍ഷമായി കുട്ടിയെ മാതാപിതാക്കളെ കാണിക്കാന്‍ അനുവദിച്ചിട്ടില്ല. 

മനുഷ്യാവകാശം, ന്യൂനപക്ഷങ്ങളുടെ പ്രശ്‌നങ്ങള്‍, സാമൂഹിക അശാന്തി, വിദ്യാഭ്യാസം, ലൈംഗിക പീഡനം, കുടിയേറ്റം എന്നിവയെക്കുറിച്ചായിരുന്നു സൊലഫ എഴുതിയിരുന്നത്. വിദേശ മാധ്യമങ്ങള്‍ക്ക് വേണ്ടിയായിരുന്നു ഇവര്‍ കൂടുതലും എഴുതിയിരുന്നത്. 

അറസ്റ്റു ചെയ്യുന്നതിന് മുമ്പ് ദമ്പതികളെ പൊലീസ് നിരന്തരമായി തടഞ്ഞുവെച്ചിരുന്നു. ഇവരുടെ മോചനം ആവാശ്യപ്പെട്ട് ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഈജിപ്തിന് കത്തുകള്‍ അയച്ചിട്ടുണ്ട്. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

ALSO WATCH

Top