News Desk

2021-04-14 08:32:17 pm IST

കൊയ്‌റോ: ലോകത്തിലെ ഏറ്റവും തിരക്കേറിയതും സങ്കീര്‍ണവുമായ സമുദ്രപാതയായ സൂയസ് കനാലില്‍ നിന്നുപോയ 'എവര്‍ ഗിവണ്‍' ചരക്കു കപ്പലിനെ ട്രാഫിക് ബ്ലോക്കില്‍ നിന്നും നീക്കിയെങ്കിലും വീണ്ടും പ്രശ്നങ്ങള്‍ രൂക്ഷം. ഈജിപ്ത് സര്‍ക്കാര്‍ കപ്പല്‍ പിടിച്ചെടുത്തുവെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. 

കനാലിനെ സഞ്ചാര പാതയ്ക്ക് വിലങ്ങായി ഇടിച്ച് കയറിയ കപ്പലിനെ ചലിപ്പിക്കാന്‍ ചെലവഴിക്കേണ്ടിവന്ന തുക കെട്ടിവെക്കണമെന്ന നിര്‍ദേശം നല്‍കിയെങ്കിലും പണം നല്‍കാന്‍ കപ്പലുമായി ബന്ധപ്പെട്ടവര്‍ തയ്യാറായില്ല. ഇതേത്തുടര്‍ന്നാണ് സര്‍ക്കാര്‍ കപ്പല്‍ പിടിച്ചെടുത്തതെന്ന് ഈജിതിലെ ദിനപത്രമായ അല്‍-അഹ്റാം റിപ്പോര്‍ട്ട് ചെയ്തു.

തായ്‌വാനിലെ ഒരു സ്വകാര്യ കമ്പനിയുടെ പനാമയില്‍ രജിസ്റ്റര്‍ ചെയ്ത 'എവര്‍ ഗിവണ്‍' എന്ന കപ്പല്‍ സൂയസ് കനാലിലെ മണ്‍തിട്ടയിലേക്ക് ഇടിച്ച് കയറുകയായിരുന്നു. കാലാവസ്ഥ പ്രതികൂലമായിരുന്നുവെന്നും അതിശക്തമായ കാറ്റില്‍ നിയന്ത്രണം നഷ്ടമായി കപ്പല്‍ ഇടിച്ചു കയറുകയായിരുന്നുവെന്നുമാണ് കപ്പല്‍ ജീവനക്കാര്‍ നല്‍കിയ മറുപടി. 

എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണം ഉണ്ടായിട്ടില്ല. 'എവര്‍ ഗിവണ്‍' വഴിമുടക്കിയതോടെ ഏകദേശം 350-ലേറെ കപ്പലുകളുടെ സഞ്ചാരം മുടങ്ങി. ഇതോടെ പ്രതിദിനം 69 ലക്ഷം കോടി രൂപയുടെ (9.6 ബില്യണ്‍ ഡോളര്‍) ചരക്കുനീക്കമാണ് സൂയസ് കനാലിലൂടെ തടസപ്പെട്ടത്.

രക്ഷാപ്രവര്‍ത്തനത്തിന്റെ ചിലവ്, കനാലില്‍ ഗതാഗതം തടസപ്പെട്ട ദിവസങ്ങളിലെ നഷ്ടപരിഹാരം തുടങ്ങിയവ ഉള്‍ക്കൊള്ളിച്ച് 900 മില്യണ്‍ ഡോളര്‍ ആണ് കപ്പല്‍ ഉടമകളോട് ഈജിപ്ത് ആവശ്യപ്പെട്ടിരുന്നത്. രക്ഷാപ്രവര്‍ത്തനത്തിനായി ചെലവഴിച്ച തുക, കപ്പല്‍ ചലിപ്പിക്കാന്‍ എത്തിയ മറ്റ് കൂറ്റന്‍ ക്രെയിനുകള്‍ക്കും വലിയ ടഗ് കപ്പലുകള്‍ക്കുമായി നല്‍കേണ്ടി വന്ന തുക, മറ്റ് കപ്പലുകള്‍ക്ക് സംഭവിച്ച നഷ്ടം എന്നിവയും പരിഗണിച്ചായിരുന്നു ഈ നഷ്ടപരിഹാരം നല്‍കാന്‍ ആവശ്യപ്പെട്ടത്. 

നഷ്ടപരിഹാരം അടയ്ക്കാത്ത കപ്പല്‍ പിടിച്ചെടുക്കാന്‍ ഇസ്മായിലിയയിലെ കോടതി തിങ്കളാഴ്ചയാണ് നിര്‍ദേശം നല്‍കിയത്. കപ്പല്‍ ഉടമകള്‍ പണമടയ്ക്കാന്‍ തയ്യാറാകാത്തതാണ് കോടതി നടപടിക്ക് കാരണമായതെന്ന് കനാല്‍ അതോറിറ്റി മേധാവി ഒസാമ റാബിയ വ്യക്തമാക്കിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. 

കപ്പല്‍ ഇടിച്ച് കയറിയതോടെ ജലപാത അടച്ച ഓരോ ദിവസവും ഈജിപ്തിന് 12 മുതല്‍ 15 മില്യണ്‍ ഡോളര്‍വരെ വരുമാനം നഷ്ടപ്പെട്ടതായി കനാല്‍ അതോറിറ്റി അറിയിച്ചു. കപ്പലിനെ ചലിപ്പിക്കാനായി നടത്തിയ ശ്രമങ്ങള്‍ കനാലിന്റെ സ്വാഭാവികതയ്ക്ക് മാറ്റം വരുത്തിയതായും റിപ്പോര്‍ട്ടുണ്ട്.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top