News Desk

2021-02-12 07:53:31 pm IST
ദോഹ: ഇഹ്‌തിറാസ് ആപ്പില്‍ പുതിയ മാറ്റങ്ങള്‍ വരുത്തി പൊതുജനാരോഗ്യ മന്ത്രാലയം. ഖത്തറിന്റെ കൊവിഡ് അപകട നിര്‍ണയ മൊബൈല്‍ ആപ്പായ ഇഹ്തെറാസില്‍ ഇന്ന് മുതലാണ് പുതിയ മാറ്റങ്ങള്‍ വന്നത്. ഇനി മുതല്‍ ഹോം ക്വാറന്റൈന്‍ വിവരങ്ങളും വാക്‌സിനേഷന്‍ സ്റ്റാറ്റസും ഇഹ്‌തിറാസ് ആപ്പ് മുഖേനെ അറിയാന്‍ പറ്റും.

വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയ മിക്കവരുടെയും ഹെല്‍ത്ത് സ്റ്റാറ്റസ് മാറിത്തുടങ്ങി. വാക്സിനെടുത്തവരുടെ പ്രൊഫൈലില്‍ വാക്സിനേറ്റഡ് എന്ന സീല്‍ പതിപ്പിച്ചിട്ടുണ്ട്. കൂടാതെ ഹെല്‍ത്ത് സ്റ്റാറ്റസ് സൂചിപ്പിക്കുന്ന കളര്‍ കോഡിന് ഗോള്‍ഡന്‍ നിറമുള്ള ഫ്രെയിമും നല്‍കിയിട്ടുണ്ട്. വാക്സിനേഷന്‍ എടുത്ത തീയതി, ഏത് കമ്പനിയുടെ വാക്സിന്‍ ആണ് സ്വീകരിച്ചത് തുടങ്ങിയ വിശദാംശങ്ങളും ആപ്പില്‍ ലഭ്യമാണ്. 

കളര്‍ ടാഗിലൂടെയാണ് ഇഹ്‌തിറാസ് ആരോഗ്യനില സൂചിപ്പിക്കുന്നത്. ഉപയോക്താവ് ആരോഗ്യമുള്ളയാള്‍ അല്ലെങ്കില്‍ പരിശോധനാ ഫലം നെഗറ്റീവ് ആയ വ്യക്തി എന്നതാണ് പച്ചനിറം സൂചിപ്പിക്കുന്നത്. കൊവിഡ് രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ അല്ലെങ്കില്‍ സമ്പര്‍ക്കം പുലര്‍ത്തിയെന്ന് സംശയിക്കപ്പെടുന്നവരുടെ പ്രൊഫൈല്‍ ചാര നിറത്തിലും ക്വാറന്റൈനില്‍ കഴിയുന്നവരുടേത് മഞ്ഞയും രോഗം സ്ഥിരീകരിച്ചവരുടേത് ചുമപ്പും ആയിരിക്കും.

രാജ്യത്തെവിടെയും പ്രവേശനത്തിന് ഇഹ്‌തിറാസിലെ പ്രൊഫൈല്‍ നിറം പച്ചയായിരിക്കണമെന്നതാണ് വ്യവസ്ഥ. അതുകൊണ്ടു തന്നെ പ്രൊഫൈല്‍ സ്റ്റാറ്റസ് നോക്കുമ്പോള്‍ വ്യക്തി കൊവിഡ് വാക്സിന്‍ സ്വീകരിച്ചതാണോ എന്നതു കൂടി അറിയുന്നത് കൂടുതല്‍ ഗുണകരമാണ്.

വീടിന് പുറത്തേക്ക് ഇറങ്ങണമെങ്കിലും സര്‍ക്കാര്‍, സ്വകാര്യ മേഖലാ സ്ഥാപനങ്ങള്‍, വിമാനത്താവളം, സൂപ്പര്‍മാര്‍ക്കറ്റുകള്‍ തുടങ്ങി എല്ലാ പൊതുസ്ഥലങ്ങളിലും സ്റ്റേഡിയങ്ങളിലുമെല്ലാം പ്രവേശനത്തിന് ഇഹ്തിറാസിലെ പ്രൊഫൈല്‍ നിറം പച്ചയായിരിക്കണം എന്ന വ്യവസ്ഥ നിര്‍ബന്ധമാക്കിയത് 2020 മേയ് 22 മുതലാണ്. 

ഇഹ്‌തെറാസിന്റെ സഹായത്താല്‍ സമ്പര്‍ക്ക ശൃംഖലാ പരിശോധന സമഗ്രമാക്കാനും അധികൃതര്‍ക്ക് കഴിഞ്ഞിട്ടുണ്ട്.  ഇഹ്‌തിറാസ് സംബന്ധിച്ച സാങ്കേതിക സഹായങ്ങള്‍ക്ക് 109 എന്ന ഹോട്ട് ലൈന്‍ നമ്പറില്‍ ബന്ധപ്പെടേണ്ടാതാണ്. 



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

ALSO WATCH 


Top