News Desk

2021-05-11 09:08:03 pm IST

കോഴിക്കോട്: മാസപ്പിറവി ദൃശ്യമാകാത്തതിനെ തുടര്‍ന്ന് കേരളത്തില്‍ ചെറിയ പെരുന്നാള്‍ വ്യാഴാഴ്ചയായിരിക്കുമെന്ന് വിവിധ ഖാസിമാര്‍ അറിയിച്ചു. ഇതോടെ റംസാന്‍ 30-ഉം പൂര്‍ത്തിയാക്കിയ ശേഷമാകും കേരളത്തില്‍ ചെറിയ പെരുന്നാള്‍ ആഘോഷിക്കുക. 

കൊവിഡ് സാഹചര്യത്തില്‍ നമസ്‌കാരം വീടുകളില്‍ നിര്‍വഹിക്കാന്‍ ഖാസിമാര്‍ അഭ്യര്‍ഥിച്ചു. അതേസമയം, ഈദുല്‍ ഫിത്തറിനോടനുബന്ധിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ മാംസ വിഭവങ്ങളുടെ ഡോര്‍ ഡെലിവറി നടത്തുന്നത് സംബന്ധിച്ച് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. 

മാംസ വിഭവങ്ങളുടെ വില്‍പന സംബന്ധിച്ച് ഈ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് തദ്ദേശ സ്ഥാപനങ്ങള്‍ ഉറപ്പാക്കണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് സര്‍ക്കുലറിലൂടെ നിര്‍ദേശിച്ചു. ഇറച്ചിക്കടകളിലെ ആള്‍ക്കൂട്ടം ഒഴിവാക്കാന്‍ ഇറച്ചി വില്‍പ്പനക്കാരുടെ സംഘടനകളുമായി ഓണ്‍ലൈന്‍ യോഗം ചേര്‍ന്ന് അവരോടു ഹോം ഡെലിവറിയിലേക്ക് മാറാന്‍ അപേക്ഷിക്കണം.

കടയ്ക്കു മുന്നില്‍ ആള്‍ക്കൂട്ടം ഒഴിവാക്കുകയും സാമൂഹിക അകലം ഉള്‍പ്പെടെ എല്ലാ കൊവിഡ് പ്രോട്ടോക്കോളും പാലിക്കുകയും ചെയ്യണം. ഇതു ലംഘിക്കുന്ന കടക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണം. തദ്ദേശ സ്ഥാപനങ്ങള്‍ തങ്ങളുടെ അധികാര പരിധിയിലുള്ള ഇറച്ചി വില്‍പനക്കാരുടെ കോണ്‍ടാക്ട് നമ്പര്‍ ഉള്‍പ്പെടെ പട്ടിക തയ്യാറാക്കി ഹെല്‍പ് ഡെസ്‌കില്‍ ലഭ്യമാക്കണം.

കച്ചവടക്കാര്‍ ആവശ്യപ്പെടുന്നപക്ഷം ലഭ്യമാക്കുന്നതിനായി ആവശ്യത്തിനു ഡോര്‍ ഡെലിവറിക്കു തയ്യാറായ സന്നദ്ധ പ്രവര്‍ത്തകരെ ഹെല്‍പ് ഡെസ്‌കില്‍ തയ്യാറാക്കി നിര്‍ത്തണം. റമസാനു തലേന്ന് രാത്രി മുഴുവന്‍ ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തിക്കണം. ഇറച്ചി വ്യാപാരികളുടെ പട്ടിക തദ്ദേശ സ്ഥാപനങ്ങള്‍ പൊലീസുമായി പങ്കുവയ്ക്കണം. ഇറച്ചി കൊണ്ടുകൊടുക്കുന്നവര്‍ക്കുള്ള പാസ് കച്ചവടക്കാര്‍ സാക്ഷ്യപ്പെടുത്തി നല്‍കുന്ന ലിസ്റ്റ് പ്രകാരം തദ്ദേശ സ്ഥാപന സെക്രട്ടറി/ഹെല്‍ത്ത് ഓഫിസര്‍ വിതരണം ചെയ്യണം.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 

Tags :
Eid Kerala
Top