News Desk

2021-04-15 10:37:58 pm IST
ഷാര്‍ജ: വൈദ്യുതി-ജല-പാചകവാതക ബില്ല് പിഴ കൂടാതെ അടക്കാനുള്ള കാലാവധി ഒരു മാസത്തേയ്ക്ക് നീട്ടിക്കൊണ്ട് ഷാര്‍ജ ഇലക്ട്രിസിറ്റി, വാട്ടര്‍ ആന്‍ഡ് ഗ്യാസ് അതോറിറ്റി(സേവ) ഉത്തരവിട്ടു.

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ഇളവ് പ്രഖ്യാപിച്ചത്. 1000 ദിര്‍ഹത്തില്‍ താഴെ ബില്ല് അടയ്ക്കാനുള്ളവര്‍ക്ക് ഒരു മാസവും 1000ത്തില്‍ കൂടുതല്‍ ബില്ല് അടയ്ക്കാനുള്ളവര്‍ക്ക് 15 ദിവസവുമാണ് നീട്ടി നല്‍കിയത്. നേരത്തെ, പിഴ കൂടാതെ, പണമടയ്ക്കുന്നതിന് ഏഴ് ദിവസമായിരുന്നു ഗ്രേസ് പീരിയഡ് നല്‍കിയിരുന്നത്.

ഉപയോക്താക്കളില്‍ നിന്നും നിരന്തരം അപേക്ഷ ലഭിച്ചതിനെ തുടര്‍ന്നാണ് ഇളവ് അനുവദിച്ചതെന്ന് സേവ സബ് ക്രൈബര്‍ സര്‍വീസ് വിഭാഗം ഡയറക്ടര്‍ ഹമദ് താഹിര്‍ അല്‍ ഹജ്ജ് പറഞ്ഞു. 

ഓരോ ഏരിയ തിരിച്ചു നാലു ഘട്ടങ്ങളില്‍ മീറ്റര്‍ റീഡ് ചെയ്താണു സേവ ബില്ലുകള്‍ നല്‍കുന്നത്. ആദ്യ ഘട്ടത്തില്‍ എല്ലാ മാസവും ഏഴിന് ബില്ല് നല്‍കുന്നു. പിഴ കൂടാതെ ഈ ബില്ല് അടയ്ക്കാന്‍ അതേ മാസം 21 വരെ സമയമുണ്ട്.

14നാണു രണ്ടാമത്തെ ഘട്ടം. ബില്ല് അടയ്‌ക്കേണ്ട അവസാന തീയതി അടുത്ത മാസം ഒന്നാണ്. മൂന്നാം ഘട്ടത്തില്‍ 21ന് ബില്ലുകള്‍ നല്‍കുന്നു. അടുത്തമാസം ഏഴാണ് അവസാന തിയതി. നാലാം ഘട്ടത്തിലെ ബില്ല് 28നാണ് നല്‍കുക. പിഴ കൂടാതെ അടയ്ക്കാന്‍ അടുത്ത മാസം 14 വരെ സമയം അനുവദിക്കുന്നു. 

കാലാവധിക്കു ശേഷം പണമടയ്ക്കുന്നവര്‍ക്ക് 25 ദിര്‍ഹമാണ് പിഴയീടാക്കാറ്. എന്നാല്‍ 300 ദിര്‍ഹത്തില്‍ കൂടാത്തവര്‍ക്ക് പിഴ ചുമത്തില്ല.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH


Top