News Desk

2021-05-07 02:53:52 pm IST

ദോഹ: അഴിമതി ആരോപണം ഉയര്‍ന്നതിന്റെ പശ്ചാത്തലത്തില്‍ ഖത്തര്‍ ധനമന്ത്രിയായിരുന്ന അലി ഷരീഫ് അല്‍ ഇമാദിയെ ധനമന്ത്രാലയത്തില്‍ നിന്ന് പുറത്താക്കിയതായി അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ ഓഫീസ് അറിയിച്ചു. എല്ലാ ഉത്തരവാദിത്തങ്ങളില്‍ നിന്നും ഇമാദിയെ പുറത്താക്കിയിട്ടുണ്ട്. 

ഇമാദിയ്ക്ക് പകരം വാണിജ്യ-വ്യവസായ മന്ത്രി അലി ബിന്‍ അഹ്മദ് അല്‍ കുവാരിക്കാണ് ധനമന്ത്രിയുടെ ചുമതല നല്‍കിയിരിക്കുന്നത്. അതേസമയം, അലി ശരീഫ് അല്‍ ഇമാദിയെ അറസ്റ്റ് ചെയ്തതായി ഖത്തര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. സാമ്പത്തിക തിരിമറികളെ കുറിച്ചുള്ള ആരോപണങ്ങളുയര്‍ന്ന പശ്ചാത്തലത്തില്‍ അതേക്കുറിച്ച് അന്വേഷണം നടത്തുന്നതിന് വേണ്ടിയാണ് അറസ്റ്റെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

നേരത്തേ ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യാന്‍ അറ്റോണി ജനറല്‍ ഉത്തരവിട്ടിരുന്നു. അദ്ദേഹത്തിനെതിരെ ഉയര്‍ന്ന ആരോപണങ്ങളുമായി ബന്ധപ്പെട്ട രേഖകളും റിപോര്‍ട്ടുകളും പരിശോധിച്ച ശേഷമാണ് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യുന്നതെന്നും ഖത്തര്‍ ന്യൂസ് എജന്‍സി റിപോര്‍ട്ട് ചെയ്തു. 

സാമ്പത്തിക തിരിമറി, അധികാര അധികാര ദുര്‍വിനിയോഗം തുടങ്ങി അദ്ദേഹത്തിനെതിരേ ഉന്നയിക്കപ്പെട്ട ആരോപണങ്ങളെ കുറിച്ച് അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്തുവരികയാണ്.

2013 മുതല്‍ ധനകാര്യ മന്ത്രിയായ ഇമാദി, 300 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി അംഗമാണ്. മിഡീലീസ്റ്റിലെ ഏറ്റവും വലിയ ബാങ്കായ ഖത്തര്‍ നാഷനല്‍ ബാങ്കിന്റെ ചെയര്‍മാന്‍ കൂടിയാണ് അദ്ദേഹം.

അതേസമയം, ധനകാര്യ മന്ത്രിയെന്ന നിലയ്ക്കുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടാണ് അഴിമതി ആരോപണം ഉയര്‍ന്നതെന്നും സോവറിന്‍ വെല്‍ത്ത് ഫണ്ടുമായോ ഖത്തര്‍ നാഷണല്‍ ബാങ്കുമായോ അതിന് ബന്ധമില്ലെന്നും ഖത്തര്‍ വിദേശകാര്യ മന്ത്രി ശെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍താനിയെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 

Top