News Desk

2022-01-14 10:00:08 pm IST
ദുബൈ: എമിറേറ്റ്‌സ് എയര്‍ലൈന്‍സ് കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ട വീഡിയോ അത്ഭുതത്തോടെയാണ് എല്ലാവരും കണ്ടത്. ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയുടെ മുകളില്‍ എയര്‍ഹോസ്റ്റസിന്റെ വേഷത്തില്‍ ഒരാള്‍ നില്‍ക്കുന്നതായിരുന്നു വീഡിയോ. അതില്‍ നികോള്‍ സ്മിത്ത് ലുഡ്‌വിക് എന്ന സ്‌കൈഡൈവറായിരുന്നു അതിസാഹസികമായ വീഡിയോയില്‍ എയര്‍ഹോസ്റ്റസായി വേഷമിട്ടത്. 

കഴിഞ്ഞ വര്‍ഷം ലോകം മുഴുവന്‍ ശ്രദ്ധിച്ച വീഡിയോയുടെ പുതിയ പതിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് എമിറേറ്റ്‌സ്. പുതിയ വീഡിയോയിലും നികോള്‍ ലുഡ്‌വിക് പഴയ എയര്‍ഹോസ്റ്റസ് വേഷത്തില്‍ തന്നെയാണ് എത്തിയിരിക്കുന്നത്. വെള്ളിയാഴ്ചയാണ് പുതിയ വീഡിയോ എമിറേറ്റ്‌സ് പുറത്തുവിട്ടത്. ഇത്തവണ എക്‌സ്‌പോ 2020 ദുബൈയിലേക്ക് ആളുകളെ ക്ഷണിച്ചുകൊണ്ടുള്ളതാണ് വീഡിയോ. 

നേരത്തെ, ബ്രിട്ടന്‍ യു.എ.ഇയെ യാത്രവിലക്കുള്ള പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിന് നന്ദി പറയുന്നതായിരുന്നു വീഡിയോയിലെ ഉള്ളടക്കം. 'ഞാനിവിടെ തന്നെയുണ്ട്, എനിക്ക് ഇവിടെ നിന്ന് ദുബൈ എക്‌സ്‌പോ കാണാം' എന്ന പ്ലക്കാര്‍ഡാണ് പുതിയ വീഡിയോയില്‍ എയര്‍ഹോസ്റ്റസ് കാണിക്കുന്നത്. അതേസമയം, പ്ലക്കാര്‍ഡാണ് കാണിക്കുന്നതിനിടെ ഇവരുടെ പിറകിലൂടെ എമിറേറ്റ്‌സ്-എ380 കടന്നുപോകുന്നതും വീഡിയോയില്‍ കാണാം. 

എക്‌സ്‌പോയിലേക്ക് സ്വാഗതം ചെയ്യുന്ന ബഹുവര്‍ണ ചിത്രങ്ങള്‍ പതിച്ച വിമാനമാണിത്. വിമാനം എക്‌സ്‌പോ നഗരിയിലേക്ക് പറന്നകലുമ്പോള്‍ എയര്‍ഹോസ്റ്റസ് കൈവീശി കാണിക്കുന്നതിലൂടെയാണ് വീഡിയോ അവസാനിക്കുന്നത്.





കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top