News Desk

2020-11-30 04:18:48 pm IST
ദുബൈ: എമിറേറ്റ്‌സ് പാസ്പോര്‍ട്ടുകള്‍ക്കും തിരിച്ചറിയല്‍ കാര്‍ഡുകള്‍ക്കും പുതിയ രൂപകല്‍പന നല്‍കാനൊരുങ്ങി യു.എ.ഇ. കൂടുതല്‍ ഡിജിറ്റല്‍ കോഡുകള്‍ ഉള്‍പ്പെടുത്തി രണ്ടിന്റെയും സുരക്ഷ ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തോടെയാണിത്. യു.എ. ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.

ഏറ്റവും മികച്ച അന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പാസ്പോര്‍ട്ടും എമിറേറ്റ്സ് ഐഡിയും പുതിയ ഡിസൈനിലേക്ക് മാറുന്നത്. പാസ്പോര്‍ട്ടുകള്‍ വിമാനത്താവളങ്ങളില്‍ വച്ച് പെട്ടെന്ന് തിരിച്ചറിയാന്‍ പാകത്തിലുള്ള ഡിജിറ്റല്‍ സുരക്ഷാ കോഡുകള്‍ പുതുതായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ രീതിയില്‍ പാസ്പോര്‍ട്ടിന്റെ സുരക്ഷ ഉറപ്പാക്കുന്ന ആദ്യ അറബ് രാജ്യമായി ഇതോടെ യു.എ.ഇ മാറും.

രാജ്യത്ത് സൈബര്‍ സുരക്ഷ ഉറപ്പാക്കുന്നതിനായി ഒരു സൈബര്‍ സെക്യൂരിറ്റി കൗണ്‍സില്‍ രൂപീകരിക്കാനും മന്ത്രിസഭ തീരുമാനിച്ചു. രാജ്യത്തെ എല്ലാ മേഖലകളില്‍ സൈബര്‍ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നയരൂപീകരണവും നിയമനിര്‍മാണവുമാണ് ഒരു സൈബര്‍ സെക്യൂരിറ്റി കൗണ്‍സിലിന്റെ ചുമതല.

യു.എ.ഇ. സ്മരണദിനത്തിനും ദേശീയദിനത്തിനും മുന്നോടിയായി ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് പുതിയ തീരുമാനങ്ങള്‍ക്ക് അംഗീകാരം നല്‍കിയത്. പരിസ്ഥിതി സംരക്ഷണത്തിനായി ഒരു പൊതുനയം സ്വീകരിക്കാനും യോഗത്തില്‍ തീരുമാനമായി. വായുവിന്റെ ഗുണനിലവാരം, കാര്‍ഷിക ഉല്‍പാദനം, മാലിന്യ നിര്‍മാര്‍ജനം എന്നിവ വര്‍ധിപ്പിക്കാന്‍ ഇത് സഹായിക്കും.

രാജ്യത്തെ മാധ്യമമേഖല മെച്ചപ്പെടുത്തുന്നതിനുള്ള നാഷണല്‍ മീഡിയാ ടീമിനും യോഗത്തില്‍ അംഗീകാരമായി. കാലാവസ്ഥാ വ്യത്യയാനവുമായി ബന്ധപ്പെട്ട് യു.എ.ഇ.യുടെ പ്രത്യേക പ്രതിനിധിയായി വ്യവസായ നൂതന സാങ്കേതിക മന്ത്രി ഡോ.സുല്‍ത്താന്‍ അല്‍ ജാബറിനെ നിയമിച്ചു. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട എല്ലാ ആഗോളപരിപാടികളിലും അദ്ദേഹം യു.എ.ഇ.യെ പ്രതിനിധാനം ചെയ്യും.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

ALSO WATCH


Top