News Desk

2021-05-31 03:36:05 pm IST
ദുബൈ: യു.എ.ഇയിലേക്കുള്ള യാത്രാവിലക്ക് നീളുന്ന സാഹചര്യത്തില്‍ രണ്ട് മലയാളി കുടുംബങ്ങളുമായി എമിറേറ്റ്‌സ് വിമാനം കൊച്ചിയില്‍ നിന്ന് ദുബൈയിലെത്തി. 360 പേര്‍ക്ക് യാത്ര ചെയ്യാവുന്ന വിമാനത്തിലാണ് രണ്ട് കുടുംബങ്ങള്‍ മാത്രം ദുബൈയിലെത്തിയത്. ഞായറാഴ്ച പുലര്‍ച്ചെ ഇന്ത്യന്‍ സമയം നാലിന് പുറപ്പെട്ട വിമാനം യു.എ.ഇ സമയം ആറിന് ദുബൈയിലെത്തി.

നാദാപുരം സ്വദേശി ഹഫ്‌സയും നാല് മക്കളും കൊച്ചിയില്‍ നിന്നും ജി.സി.സിയിലെ പ്രമുഖ കമ്പ്യൂട്ടര്‍ സെയില്‍സ് സ്ഥാപനമായ അല്‍ ഇര്‍ഷാദ് കമ്പ്യൂട്ടേഴ്‌സ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ യൂനുസ് ഹസനും കുടുംബവുമാണ് കൊച്ചിയില്‍ നിന്ന് ദുബൈയിലെത്തിയത്. യൂനുസ് ഹസന് ലഭിച്ച ഗോള്‍ഡന്‍ വിസയാണ് ഭാര്യക്കും മക്കള്‍ക്കും തുണയായത്. യു.എ.ഇയിലേക്ക് ഇന്ത്യക്കാര്‍ക്ക് യാത്രാവിലക്കുണ്ടെങ്കിലും ഗോള്‍ഡന്‍ വിസയുള്ളവര്‍ക്ക് യാത്ര ചെയ്യാം.

സ്‌പോണ്‍സര്‍ഷിപ്പില്‍ ഹഫ്‌സയും മക്കളായ നിഹ്ല യൂനുസ്, നുജൂം യൂനുസ്, മുഹമ്മദ് ഹിലാല്‍, മുഹമ്മദ് ഹാനി ഹംദാന്‍ എന്നിവര്‍ക്കും ഗോള്‍ഡന്‍ വിസ ലഭിച്ചിരുന്നു. എക്കോണമി ക്ലാസിലായിരുന്നു യാത്രയെങ്കിലും ബിസിനസ്സ് ക്ലാസ് ഉള്‍പ്പെടെ ഏത് സീറ്റില്‍ വേണമെങ്കിലും ഇരിക്കാന്‍ ഇവര്‍ക്ക് എമിറേറ്റ്‌സ് അധികൃതര്‍ അനുവാദം നല്‍കി.

ഓരോരുത്തരുടെയും കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഓരോ എയര്‍ഹോസ്റ്റസുമാര്‍ വീതമുണ്ടായിരുന്നു. ട്രിപ്പിള്‍ ലോക്ക്ഡൗണായതിനാല്‍ പൊലീസ് പരിശോധനകള്‍ ഉള്ളതിനാല്‍ എഴു മണിക്കൂര്‍ കൊണ്ട് നെടുമ്പാശ്ശേരിയില്‍ എത്തേണ്ടിയിരുന്നത് 12 മണിക്കൂറെടുത്താണ് എത്തിയതെന്ന് ഹഫ്‌സയും കുടുംബവും പറഞ്ഞു. ഗോള്‍ഡന്‍ വിസ നല്‍കിയ യു.എ.ഇ സര്‍ക്കാരിന്റെ അനുഭാവപൂര്‍ണമായ പരിഗണനയാണ് തങ്ങള്‍ക്ക് യാത്രയൊരുക്കിയതെന്നും യു.എ.ഇ ഭരണകൂടത്തോട് നന്ദി രേഖപ്പെടുത്തുന്നുവെന്നും ഹഫ്‌സ കൂട്ടിചേര്‍ത്തു. 1.80 ലക്ഷം രൂപയാണ് അഞ്ച് പേരുടെ ടിക്കറ്റിനായി ചെലവായത്.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top