News Desk

2020-11-30 03:29:09 pm IST
ദുബൈ: ലോകത്ത് എവിടെയും ഉപയോഗിക്കാവുന്ന സമ്പർക്കരഹിത ഇന്‍സ്റ്റന്റ് ക്രെഡിറ്റ് ആപ്പ് 'എംപേ' പുറത്തിറക്കി യു.എ.ഇ. ദി എമിറേറ്റ്‌സ് പേയ്‌മെന്റ് സര്‍വീസസ് ആണ് എംപേ വികസിപ്പിച്ചത്. സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് പുറമേ സ്‌കൂള്‍ ഫീസ് അടയ്ക്കല്‍ ഉള്‍പ്പെടെ വിവിധ കാര്യങ്ങള്‍ക്ക് ഈ ആപ്പ് ഉപയോഗിക്കാം. ഇത്തരത്തില്‍ ആദ്യത്തെ ആപ്പ് എന്നതിനു പുറമേ മേഖലയിലെ ആദ്യ ദേശീയ പേയ്‌മെന്റ് ആപ്പാണിതെന്നും കമ്പനി അധികൃതര്‍ പറഞ്ഞു.

എംപേ വികസിപ്പിക്കാനായതില്‍ സന്തോഷമുണ്ടെന്നും സമ്പദ് വ്യവസ്ഥ കറന്‍സി രഹിതമാക്കാനുള്ള യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ആശയങ്ങളുടെ ചുവടുപിടിച്ചാണ് ഇതെന്നും എംപേ ചെയര്‍മാനും എം.ഡിയും ദുബൈ ഇക്കണോമി ഡപ്യൂട്ടി ഡയറക്ടര്‍ ജനറലുമായ അലി ഇബ്രാഹിം വ്യക്തമാക്കി. 

ദേശീയ ദിനാഘോഷ വേളയില്‍ ആപ്പ് പുറത്തിറക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ട്. സമയലാഭം, കാര്യക്ഷമത, ചെലവ് കുറയ്ക്കല്‍ എന്നിവയിലൂടെ സ്മാര്‍ട് ലിവിങ് എന്ന ആശയത്തിന്റെ ഏറ്റവും നല്ല സേവന മാതൃകയാണ് ആപ്പ് എന്നും അദ്ദേഹം പറഞ്ഞു. ഡിജിറ്റല്‍ പണം നല്‍കല്‍ സംവിധാനത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് എംപേ ആപ്പ് വഴിതുറക്കുമെന്ന് കമ്പനി സി.ഇ.ഒ മുന അല്‍ ഖസബ് വ്യക്തമാക്കി. 

ഗൂഗിള്‍ പ്ലേ സ്റ്റോര്‍, ആപ് സ്റ്റോര്‍ എന്നിവിടങ്ങളില്‍ നിന്നു രണ്ടുമിനിറ്റിനകം ഡൗണ്‍ലോഡ് ചെയ്യ്ത് ഉപയോഗിക്കാവുന്നതാണ്. മാസ്റ്റര്‍ കാര്‍ഡുമായി സഹകരിച്ചും എംപേ പ്രവര്‍ത്തിക്കും. നിബന്ധനകള്‍ക്കു വിധേയമായി വായ്പാ സൗകര്യവും ലഭിക്കും. ക്രെഡിറ്റ് പോയിന്റ് ഉള്‍പ്പെടെ വിവിധ ആനുകൂല്യങ്ങള്‍ ഉണ്ടെന്നും കൂടുതല്‍ പദ്ധതികള്‍ താമസിയാതെ ലഭ്യമാക്കും.

10,000 ദിര്‍ഹം വരുമാനമുള്ളവര്‍ക്ക് ഇതിലൂടെ ക്രെഡിറ്റ് ലഭിക്കും, ലൈസന്‍സ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍,സ്വകാര്യ സ്ഥാപനങ്ങളിലെ സേവനങ്ങള്‍ക്ക് ഒരേ സംവിധാനം മതി. റസ്റ്റോറന്റുകളില്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്യാം, സ്‌കൂള്‍ ഫീസ്, രാജ്യാന്തര സേവനങ്ങള്‍ എന്നിവയ്‌ക്കെല്ലാം പണം അടയ്ക്കാം, ചെറിയ കാര്‍ സവാരി മുതല്‍ വലിയ കമ്പനി ലൈസന്‍സ് ഫീസ് വരെ ഇങ്ങനെ അടയ്ക്കാം തുടങ്ങിയവയാണ് ഇതിന്റെ ഉപയോഗങ്ങള്‍.
 
ബാങ്കില്‍ പോകാതെയും കടലാസ് ഇടപാടുകള്‍ നടത്താതെയും ക്രെഡിറ്റ് സൗകര്യം, പണം അടയ്ക്കാന്‍ ഓഫിസുകളില്‍ ക്യൂ നില്‍ക്കേണ്ട, ഒരോ പ്രാവശ്യവും ആപ്പ്  ഉപയോഗിക്കുമ്പോള്‍ ക്രെഡിറ്റ് പോയിന്റ് ലഭിക്കും, ലോകത്തെവിടെയും സേവനം 24 മണിക്കൂറും ലഭ്യം, പണം അടച്ചാലും വിവരം ട്രാക്ക് ചെയ്തു കണ്ടുപിടിക്കാന്‍ സാധിക്കും കൂടെ രസീതും ലഭിക്കും. റസ്റ്റോറന്റുകളിലെ  മെനുവും വിലവിവരവും അടക്കം കണ്ടു ബുക്കു ചെയ്യാം, ആപ്പിലൂടെ പണം നല്‍കാം തുടങ്ങിവയാണ് ഇത് കൊണ്ടുള്ള പ്രധാന ഗുണങ്ങള്‍.

ഐ.ഡി കാര്‍ഡ് സ്‌കാന്‍ ചെയ്തു നല്‍കിയാല്‍ യു.എ.ഇ സര്‍ക്കാര്‍ സേവനങ്ങളുടെ ചാര്‍ജുകളും ഇതിലൂടെ നല്‍കാം. എന്‍.എഫ്.സി (ആന്‍ഡ്രോയിഡ്), ക്യൂ.ആര്‍ കോഡ് പേയ്‌മെന്റ് എന്നിവ ലോകത്ത് എവിടെയും സാധ്യം.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

ALSO WATCH


Top