ദോഹ: ഖത്തറില്‍ തൊഴില്‍ കരാര്‍ നിബന്ധനകള്‍ ലംഘിക്കുന്ന തൊഴിലാളികള്‍ക്ക് ഒരു വര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്തുമെന്ന് ഭരണ വികസന, തൊഴില്‍, സാമൂഹിക കാര്യ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന് ഖത്തര്‍ ടി.വിയോട് വ്യാഴാഴ്ച പറഞ്ഞു. മറ്റൊരു ജോലിയ്ക്കു വേണ്ടി ഖത്തറിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവര്ക്കാന് വിലക്ക് ഏര്‍പ്പെടുത്തുക.
വിദേശ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനും വിദഗ്ധ തൊഴിലാളികളെ ആകര്‍ഷിക്കുന്നതിനും സാമ്പത്തിക വികസനം നിലനിര്‍ത്തുന്നതിനുമുള്ള ഖത്തര്‍ നാഷണല്‍ വിഷന്‍ 2030 ലെ വികസന തന്ത്രത്തിന്റെ ഭാഗമാണ് തൊഴില്‍ നിയമത്തിലെ ഭേദഗതികള്‍ എന്ന് അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി മുഹമ്മദ് ഹസ്സന് അല്‍ ഒബൈദ്ലി വിശദീകരിച്ചു.
ഒരു കമ്പനിയില്‍ നിന്ന് മറ്റൊന്നിലേക്ക് തൊഴിലാളികളെ മാറ്റുന്നതുമായി ബന്ധപ്പെട്ട് മന്ത്രാലയം അടുത്തിടെ അയച്ച എസ്.എം.എസിലെ വാചകം തെറ്റായി വ്യാഖ്യാനിക്കുകയും തെറ്റിദ്ധരിക്കപ്പെടുകയും ചെയ്തുവെന്നും അത് അനാവശ്യ പ്രശ്നങ്ങള്‍ സൃഷ്ടിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.
'ഒരു തൊഴിലാളി തൊഴില്‍ മാറ്റത്തിന് വേണ്ടി അപേക്ഷ സമര്‍പ്പിച്ചാല്‍ അത് മന്ത്രാലയം അവലോകനം ചെയ്യുകയും പഠിക്കുകയും ചെയ്യും. അപേക്ഷ പരിശോധനയ്ക്കു വിധേയമാക്കുന്ന കാലയളവില്‍ തൊഴിലാളി പഴയ തൊഴിലുടമയോടൊപ്പം തുടരണം.' എന്നാണ് എസ്.എം.എസ് കൊണ്ട് അര്‍ത്ഥമാക്കിയതെന്ന് അദ്ദേഹം പറഞ്ഞു.
പുതിയ തൊഴില്‍ നിയമത്തില്‍ തൊഴിലുടമകള്‍ക്ക് ധാരാളം ഗുണങ്ങളുണ്ടെന്ന് അല്‍ ഒബൈദ്ലി പറഞ്ഞു. ഉദാഹരണത്തിന്, ശേഷിക്കുന്ന കാലയളവില്‍ തൊഴിലാളിക്ക് പണം നല്‍കാതെ തന്നെ കാലാവധി അവസാനിക്കുന്നതിനുമുമ്പ് തൊഴിലുടമയ്ക്ക് കരാര്‍ അവസാനിപ്പിക്കാന്‍ കഴിയും. മുമ്പത്തെ നിയമത്തില്‍, കരാറിന്റെ ശേഷിക്കുന്ന കാലയളവില്‍ തൊഴിലാളിയുടെ എല്ലാ കുടിശ്ശികയും നല്കാന് തൊഴിലുടമ ബാധ്യസ്ഥനായിരുന്നു.
'പുതിയ കമ്പനി തൊഴില്‍ നിയമവും വേതന സംരക്ഷണ സംവിധാനവും പൂര്‍ണ്ണമായും പാലിക്കേണ്ടതുണ്ട്, ഒപ്പം തൊഴിലാളിയുടെ അതേ ദേശീയതയുടെ ഒരു എന്‍ട്രി വര്‍ക്ക് വിസയ്ക്ക് അംഗീകാരവും ഉണ്ടായിരിക്കണം.', തൊഴിലുടമകളെ മാറ്റാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള നിര്‍ദേശമാണിത്.
പഴയ കമ്പനിയില്‍ നിന്നുള്ള രാജിക്കത്തും പുതിയ തൊഴില്‍ ഓഫര്‍ സൂചിപ്പിക്കുന്ന പുതിയ കമ്പനി ഒപ്പിട്ട് സ്റ്റാമ്പ് ചെയ്ത ഒരു കത്തും ജോലിസ്ഥലം മാറാനുള്ള അപേക്ഷയോടൊപ്പം നല്‍കണം. അപേക്ഷ മന്ത്രാലയം സ്വീകരിക്കുകയോ തള്ളിക്കളയുകയോ ചെയ്യാം.
തൊഴില്‍ മാറ്റം അംഗീകരിക്കുകയാണെങ്കില്‍ രണ്ടു വര്‍ഷത്തില്‍ കുറയാതെ പുതിയ തൊഴിലുടമയുടെ അടുത്തു ജോലിചെയ്യണം. അതേസമയം, ഒരു തൊഴിലുടമയില്‍ നിന്ന് മറ്റൊരാളിലേക്ക് മാറാനുള്ള സ്വാതന്ത്ര്യം പരിമിതപ്പെടുത്തിയിട്ടുണ്ടെന്നും തൊഴിലുടമയ്ക്ക് എതിര്‍ക്കാന്‍ അവകാശമുണ്ടെന്നും അല്‍ ഒബൈദ്ലി ചൂണ്ടിക്കാട്ടി.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ