News Desk

2022-01-14 11:10:34 pm IST
ന്യൂഡല്‍ഹി: സംയുക്ത സേനാമേധാവി ജനറല്‍ ബിപിന്‍ റാവത്ത് അടക്കം 14 പേരുടെ മരണത്തിന് കാരണമായ കൂനൂര്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ അട്ടിമറിയില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്. കാലാവസ്ഥാ മാറ്റമാണ് അപകടത്തിനു കാരണമായത്. ഹെലികോപ്റ്ററിന് സാങ്കേതിക തകരാര്‍ ഇല്ലായിരുന്നുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 

കാലാവസ്ഥയിലുണ്ടായ അപ്രതീക്ഷിത വ്യതിയാനം മൂലം ഹെലികോപ്റ്റര്‍ മേഘങ്ങളില്‍ പ്രവേശിച്ചതാണ് അപകടത്തിന് കാരണമായത്. ലാന്‍ഡിങിന് ശ്രമിക്കുമ്പോള്‍ പൈലറ്റിന്റെ കണക്കുകൂട്ടലില്‍ പിഴവുണ്ടാകാം. അത്തരത്തിലുള്ള കണ്‍ട്രോള്‍ഡ് 'ഫ്‌ളൈറ്റ് ഇന്‍ടു ടെറയിന്‍' എന്നു വിളിക്കുന്ന പിഴവാകാം ഉണ്ടായതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

അപകടത്തെക്കുറിച്ച് എയര്‍മാര്‍ഷല്‍ മാനവേന്ദ്ര സിങ്ങിന്റെ നേതൃത്വത്തില്‍ മൂന്ന് സേനകളും ചേര്‍ന്നായിരുന്നു അന്വേഷണം നടത്തിയത്. ഫ്‌ളൈറ്റ് ഡേറ്റ റിക്കോര്‍ഡറും കോക്പിറ്റ് വോയിസ് റിക്കോര്‍ഡറും സംഘം പരിശോധിച്ചു. ഇതിന് പുറമെ, ദൃക്‌സാക്ഷികളുമായും രക്ഷാപ്രവര്‍ത്തകരുമായും സംസാരിച്ചാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. 

ബിപിന്‍ റാവത്തും ഭാര്യ മധുലിക റാവത്തും ഉള്‍പ്പെടെ 14 പേര്‍ സഞ്ചരിച്ച മി 17 വി 5 എന്ന ഹെലികോപ്റ്ററാണ് 2021 ഡിസംബര്‍ എട്ടിന് ഉച്ചയ്ക്ക് 12.20ന് ഊട്ടിക്കു സമീപം കൂനൂരിലെ വനമേഖലയില്‍ തകര്‍ന്നു വീണത്. തമിഴ്നാട്ടിലെ കോയമ്പത്തൂരിനടുത്തുള്ള സുലൂരിലെ സൈനിക താവളത്തില്‍നിന്ന് പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെ തകര്‍ന്നുവീഴുകയായിരുന്നു.

ഡിഫന്‍സ് സര്‍വീസസ് സ്റ്റാഫ് കോളേജ് സ്ഥിതി ചെയ്യുന്ന വെല്ലിങ്ടണിലേക്കായിരുന്നു യാത്ര. അപകടത്തില്‍ റാവത്തും ഭാര്യയും ഉള്‍പ്പെടെ 13 പേര്‍ സംഭവ ദിവസം തന്നെ മരിച്ചു. ഗുരുതര പരുക്കുകളോടെ ചികിത്സയിലായിരുന്ന ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ് ഡിസംബര്‍ 15നാണ് മരിച്ചത്.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top