News Desk

2022-04-17 05:17:12 pm IST
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ചികിത്സയ്ക്കായി 29.82 ലക്ഷം രൂപ അനുവദിച്ച സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കി. അമേരിക്കയിലെ മയോ ക്ലിനിക്കിലെ ചികിത്സയ്ക്ക് വേണ്ടിയാണ് തുക അനുവദിച്ച് ഉത്തരവ് ഇറക്കിയത്. തുകയനുവദിച്ച് ഈ മാസം 13-ന് പൊതുഭരണ വകുപ്പ് ഇറക്കിയ ഉത്തരവില്‍ വസ്തുതാ പിഴവുണ്ടെന്നു ചൂണ്ടികാട്ടിയാണ് റദ്ദാക്കല്‍. തുക കിട്ടാനായി പുതിയ അപേക്ഷ സമര്‍പ്പിച്ച് പുതുക്കി ഉത്തരവിറക്കുന്നതു വരെ കാത്തിരിക്കണം.

അമേരിക്കയിലെ മയോ ക്ലിനിക്കില്‍ ജനുവരി 11 മുതല്‍ 26 വരെ ചികിത്സയ്ക്കായി പോയതിന്റെ തുക മുഖ്യമന്ത്രിക്ക് അനുവദിക്കുന്നതിലെ നടപടിക്രമങ്ങളിലാണ് പാളിച്ചയുണ്ടായത്. മുഖ്യമന്ത്രി നേരിട്ട് മാര്‍ച്ച് 30 ന് നല്‍കിയ അപേക്ഷയില്‍ ഈ മാസം 13ന് തുകയനുവദിച്ച് ഉത്തരവിറങ്ങിയിരുന്നു. തുടര്‍പരിശോധനയില്‍ ക്രമപ്രകാരമല്ലാതെയോ, അധികമായോ തുക നല്‍കിയതായി കണ്ടാല്‍ തിരിച്ചടയ്‌ക്കേണ്ടി വരുമെന്ന് പണമനുവദിച്ച ഉത്തരവില്‍ എഴുതി. പിന്നാലെയാണ് ഇന്നലെ തുകയനുവദിച്ച ഉത്തരവ് റദ്ദാക്കി പൊതുഭരണ വകുപ്പ് പുതിയ ഉത്തരവിറക്കിയത്. മുന്‍ ഉത്തരവില്‍ വസ്തുതാപരമായ പിഴവുണ്ടെന്നാണ് വിശദീകരണം.

ഇതോടെ തുക ലഭിക്കാനായി മുഖ്യമന്ത്രി ഇനിയും കാത്തിരിക്കണം. അപേക്ഷയില്‍ അധിക തുക വാങ്ങിയത് കണ്ടെത്തിയാല്‍ മുഖ്യമന്ത്രി തിരിച്ചടയ്ക്കണമെന്ന നിഷ്‌കര്‍ഷിച്ചതാണ് പിഴവായതെന്നാണ് അനുമാനം. പിഴവ് തിരുത്തി പുതിയ ഉത്തരവിറക്കുന്നതിന് മുഖ്യമന്ത്രിക്ക് പകരം, പ്രൈവറ്റ് സെക്രട്ടറി പുതിയ അപേക്ഷ സമര്‍പ്പിക്കും. പിന്നീട് തുക നല്‍കാനായി പുതിയ ഉത്തരവിറക്കും. 29,82,039 രൂപയാണ് മുഖ്യമന്ത്രിയുടെ അമേരിക്കന്‍ യാത്രയ്ക്കായി ചെലവായത്.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top