News Desk

2021-05-05 03:21:01 pm IST
പാലക്കാട്: യു.ഡി.എഫിനെ തള്ളി പറഞ്ഞിട്ടില്ലെന്നും മരിച്ചാലും യു.ഡി.എഫിനെ തള്ളിപ്പറയില്ലെന്നും ഫിറോസ് കുന്നംപറമ്പില്‍. 15 മിനിറ്റ് നീണ്ട അഭിമുഖത്തില്‍ നിന്നും പല ഭാഗങ്ങള്‍ മാത്രമെടുത്ത് ചേര്‍ത്ത് തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണ് ചാനലുകള്‍ വാര്‍ത്ത നല്‍കിയിരിക്കുന്നതെന്നും ഫിറോസ് ഫേസ്ബുക്ക് ലൈവിലൂടെ ആരോപിച്ചു.

നിയോജക മണ്ഡലത്തിലെ കാര്യങ്ങളെ കുറിച്ചാണ് ആദ്യം ചോദിച്ചത്. അവസാന ചോദ്യം മുഖ്യമന്ത്രി പിണറായി വിജയനെ കുറിച്ചായിരുന്നു. എന്നാല്‍ ആ ഭാഗം മാത്രമാണ് ചാനലുകാര്‍ കാണിച്ചത്. മണ്ഡലത്തിലെ പ്രചാരണപ്രവര്‍ത്തനങ്ങളെക്കുറിച്ചാണ് ആദ്യം പറഞ്ഞത്. 

തവനൂര്‍ നിയോജകമണ്ഡലത്തില്‍ ഭൂരിപക്ഷം കുറക്കാന്‍ സാധിച്ചതില്‍ എനിക്കൊപ്പം പ്രവര്‍ത്തിച്ച പ്രവര്‍ത്തകര്‍ക്ക് നന്ദി അറിയിക്കുകയാണ് ചെയ്തത്. ഇക്കാര്യങ്ങളെ വളച്ചൊടിച്ച് താന്‍ യു.ഡി.എഫിനെ തള്ളിപറഞ്ഞു എന്ന് പറയുന്നത് ശരിയല്ല. മുഖ്യമന്ത്രിയെ എല്ലാവരും ആശംസിച്ചതുപോലെ മാത്രമേ താനും പറഞ്ഞിട്ടുള്ളൂ. ഈ രീതി ശരിയല്ല. ഇതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ഫിറോസ് കുന്നംപറമ്പില്‍ കൂട്ടിച്ചേര്‍ത്തു.

താന്‍ പറഞ്ഞ കാര്യങ്ങള്‍ വളച്ചൊടിച്ച് യു.ഡി.എഫിനെ തള്ളിപ്പറഞ്ഞു എന്ന് പറയുന്നത് ശരിയല്ല. മുഖ്യമന്ത്രിക്ക് വിജയിച്ചതും പരാജയപ്പെട്ടതുമായ എം.എല്‍.എമാര്‍ ആശംസകള്‍ അറിയിച്ചിട്ടില്ലേ അതേകാര്യം തന്നെയാണ് താനും പറഞ്ഞത്. പിന്നെ എന്തിനാണ് തന്നെ വളഞ്ഞിട്ട് ആക്രമിക്കുന്നത് ഇലക്ഷന് മത്സരിക്കാന്‍ തീരുമാനിച്ചത് മുതല്‍ ഇന്ന് വരെ സൈബര്‍ ആക്രമണം നേരിട്ടുകൊണ്ടിരിക്കുകയാണെന്നും ഫിറോസ് പറഞ്ഞു. 


പിന്നാലെ ഇന്ന് ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ ഫിറോസ് കുന്നംപറമ്പില്‍ പറയുന്നത് ഇങ്ങനെയാണ്- ഞാന്‍ മത്സരിച്ചത് ഇന്ദിരാ ഗാന്ധിയും രാജീവ് ഗാന്ധിയും സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഉള്‍പ്പെടെ മഹാരഥന്മാര്‍ മത്സരിച്ച കൈപ്പത്തി ചിഹ്നത്തില്‍ ആണ്. ഇന്ത്യയിലെ ഏറ്റവും വലിയ മതേതര പ്രസ്ഥാനമായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ആണ് ഒന്നുമല്ലാത്ത എനിക്ക് തവനൂരില്‍ മത്സരിക്കാന്‍ സീറ്റ് നല്‍കിയത്. കോണ്‍ഗ്രസ്, ലീഗ് പ്രവര്‍ത്തകരും നേതാക്കളും താങ്ങും തണലുമായി നിന്നു. കേരളത്തിലെ എല്‍.ഡി.എഫ് വിജയം രാഷ്ട്രീയത്തില്‍ വലിയ പരിചയം ഇല്ലാത്ത ഒരാള്‍ എന്ന നിലക്ക് ഞാന്‍ വിലയിരുത്തിയത് കിറ്റും പെന്‍ഷനും നല്‍കിയത് കൊണ്ടാണ് എന്നാണ്. എന്റെ അറിവില്ലായ്മ കൊണ്ടും രാഷ്ട്രീയ രംഗത്ത് ഒരു തുടക്കക്കാരന്‍ എന്ന നിലയിലും നല്‍കിയ ഇന്റര്‍വ്യൂ കാരണം വലിയ രൂപത്തില്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്ക് ഉണ്ടായ വിഷമത്തില്‍ ഞാന്‍ ക്ഷമ ചോദിക്കുകയാണ്. 
 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top