News Desk

2021-04-02 02:40:50 pm IST

ഗുവാഹത്തി: അസമില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയുടെ വാഹനത്തില്‍ ഇ.വി.എം മെഷീന്‍ കൊണ്ടുപോയതിനെ തുടര്‍ന്ന് രതബാരി മണ്ഡലത്തിലെ പോളിംഗ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ റദ്ദാക്കി. ഇവിടെ റീപോളിംഗ് നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. 

സംഭവത്തില്‍ പോളിംഗ് സ്റ്റേഷന്റെ ചുമതലയുണ്ടായിരുന്ന നാല് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. കരിംഗഞ്ച് ജില്ലയിലാണ് സംഭവമുണ്ടായത്. സംഭവത്തെ തുടര്‍ന്ന് ജില്ലയില്‍ വലിയ അക്രമസംഭവങ്ങളാണുണ്ടായത്. 

പാതാര്‍ഗണ്ഡി മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ഥി കൃഷ്‌ണേന്ദു പോളിന്റെ ഭാര്യയുടെ വാഹനത്തിലാണ് അര്‍ദ്ധരാത്രി ഇ.വി.എം മെഷീനുകള്‍ കൊണ്ടുപോയത്. തെരഞ്ഞെടുപ്പ് വാഹനം ബ്രേക്ക് ഡൗണായപ്പോള്‍ ബി.ജെ.പി സ്ഥാനാര്‍ഥിയുടെ വാഹനത്തില്‍ കയറ്റി വോട്ടിംഗ് മെഷീനുകള്‍ കൊണ്ടുപോയെന്നാണ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിശദീകരണം. ഇത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണ്. 

രാത്രി ഒമ്പത് മണിയോടെയാണ് രതബാരിയിലുള്ള ഇന്ദിര എം.വി സ്‌കൂളിലെ 149-ാം ബൂത്തിലെ ഇ.വി.എം കയറ്റിക്കൊണ്ടുപോയ വാഹനം ബ്രേക്ക്ഡൗണായത്. സ്‌ട്രോങ് റൂമില്‍ നിന്ന് വോട്ടുകള്‍ രേഖപ്പെടുത്തിയ യന്ത്രം തന്നെയായിരുന്നു ഇത്. ഇക്കാര്യം പോളിംഗ് ഉദ്യോഗസ്ഥര്‍ തെരഞ്ഞെടുപ്പ് ചുമതലയുള്ള സെക്ഷന്‍ ഓഫീസറെ അറിയിക്കുകയും അവര്‍ പകരം വാഹനം എത്തിക്കാമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു. 

എന്നാല്‍ രാത്രി 9.20-ഓടെ, തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ അറിയിക്കാതെ കൃഷ്‌ണേന്ദു പോളിന്റെ ഭാര്യ മധുമിത പോളിന്റേ വാഹനത്തില്‍ കൊണ്ടുപോകുകയായിരുന്നു. ഈ വാഹനം തൊട്ടടുത്ത സ്‌ട്രോങ് റൂമിന് അടുത്തെത്തിയപ്പോഴാണ് മറ്റ് പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇക്കാര്യം ശ്രദ്ധിക്കുന്നത്. വാഹനം ബി.ജെ.പി സ്ഥാനാര്‍ഥിയുടേതാണെന്ന് വ്യക്തമായതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥയായി. 

ബി.ജെ.പി ബൂത്ത് പിടിച്ചെടുക്കാന്‍ ശ്രമിക്കുകയാണെന്ന വ്യാപക ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പ്രിയങ്കാ ഗാന്ധി ഉള്‍പ്പടെയുള്ളവര്‍ രംഗത്തെത്തി.

ഇന്നലെയായിരുന്നു അസമില്‍ രണ്ടാംഘട്ട തെരഞ്ഞെടുപ്പ്. 77 ശതമാനം പോളിംഗ് രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പിനിടെ പലയിടങ്ങളിലും അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. 


ALSO WATCH



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top