കൊല്‍ക്കത്ത: വോട്ടിംഗ് മെഷീനുമായി തൃണമൂല്‍ കോണ്‍ഗ്രസ്സ് നേതാവിന്റെ വീട്ടില്‍ കിടന്നുറങ്ങിയെന്ന ആരോപണത്തില്‍ പോളിങ്് ഓഫീസറിനെ സസ്പെന്‍ഡ് ചെയ്തു. വോട്ടിങ് മെഷീനും വി.വി പാറ്റും വാങ്ങി ഹൗറയിലെ തന്റെ ബന്ധു കൂടിയായ തൃണമൂല്‍ നേതാവിന്റെ വീട്ടിലാണ് ഉദ്യോഗസ്ഥന് പോയി കിടന്നത്.
ഇയാള്‍ കൊണ്ടുപോയ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനും വി.വി പാറ്റും തെരഞ്ഞെടുപ്പിന് ഉപയോഗിക്കില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് വ്യക്തമാക്കി. ഇയാള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. അവിടെ സുരക്ഷാ ചുമതലുയള്ള പോലീസ് ഉദ്യോഗസ്ഥരും നടപടി നേരിടേണ്ടി വരുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
ഹൗറ ജില്ലയിലെ ഉലുബേറിയ ഉത്തര്‍ എ.സി 177ലെ സെക്ടര്‍ 17ലെ സെക്ടര്‍ ഓഫീസര്‍ ആയ തപന്‍ സര്‍ക്കാരിനെതിരെയാണ് നടപടിയെടുത്തിട്ടുള്ളത്. ഇയാള്‍ വോട്ടിങ് മെഷിനുമായി ഒരു ബന്ധു വീട്ടില്‍ എത്തി കിടന്നുറങ്ങുകയായിരുന്നു. ഇത് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശങ്ങള്‍ക്ക് എതിരാണ്. തൃണമൂല്‍ നേതാവിന്റെ വീട്ടിലേക്ക് കൊണ്ടുപോയ വോട്ടിങ് മെഷീന് പരിശോധിച്ച് വരികയാണ്. ഒരു പ്രത്യേക മുറിയില്‍ തെരഞ്ഞെടുപ്പ് നിരീക്ഷകന്റെ കസ്റ്റഡിയിലാണ് ഈ ഇവിഎം എന്നും കമ്മീഷന് പുറത്തിറക്കിയ പ്രസ്താവനയില്‍ കുറിച്ചു.
സംഭവം പ്രതിപക്ഷ പാര്‍ട്ടികള്‍ പശ്ചിമബംഗാളില്‍ വലിയ വിവാദ വിഷയമാക്കി ഉയര്‍ത്തിയിട്ടുണ്ട്. അസമില്‍ ബിജെപി നേതാവിന്റെ വാഹനത്തില്‍ വോട്ടിങ് മെഷീന് കൊണ്ടുപോയതിന് പിന്നാലെയാണ് പശ്ചിമബംഗാളിലെ പുതിയ സംഭവം.